സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ, തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത്. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്തത് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും, രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും പാർവതി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തിവെച്ചതും കുറ്റാരോപിതർക്ക് ലഭിക്കുന്ന സംരക്ഷണവും ചൂണ്ടിക്കാട്ടിയ താരം, സിനിമയ്ക്കുള്ളിലെ അതിജീവനത്തെക്കുറിച്ചും ഡബ്ല്യു.സി.സിയുടെ പോരാട്ടങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും, ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാർവതി തുറന്നു പറഞ്ഞു.
‘‘ഡബ്ല്യു.സി.സി എന്നത് സിനിമാ മേഖലയെ നിയന്ത്രിക്കാൻ അധികാരമുള്ള ഒരു ഔദ്യോഗിക നിയമ നിർമ്മാണ സമിതിയല്ല, മറിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു കൂട്ടായ്മയാണ്. 2017 മുതൽ ഞങ്ങൾ കേവലം പ്രതിഷേധങ്ങൾ മാത്രമല്ല നടത്തിയത്, മറിച്ച് ഭരണകൂടത്തെയും മുഖ്യമന്ത്രിയെയും നേരിൽക്കണ്ട് സിനിമയ്ക്കുള്ളിൽ കൃത്യമായ പോളിസികൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയ്ക്കുള്ളിലെ ചൂഷണങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാലര വർഷത്തോളമാണ് പുറത്തുവിടാതെ രഹസ്യമാക്കി വച്ചത്. ഈ കാലയളവിലത്രയും മേഖലയിൽ ചൂഷണങ്ങൾ തുടർക്കഥയാവുകയായിരുന്നു. ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തതും, സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കാൻ കൃത്യമായ നടപടികൾ ഇല്ലാത്തതും കൊണ്ടാണ് ഇന്നും പലർക്കും യാതൊരു ഭയവുമില്ലാത്തത്.
പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് പിന്നീട് ഈ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് സാമ്പത്തികമായി നിലനിൽക്കാൻ സാധിക്കാതെ വരുന്നു. പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ്. ശിക്ഷ എന്ന പേരിൽ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലർക്കും പേരുകൾ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതിൽ താൽപ്പര്യമില്ല. ജനങ്ങൾ പലപ്പോഴും ചോദിക്കുന്നത് “എന്തുകൊണ്ട് ഇവർ നേരത്തെ പറഞ്ഞില്ല?” എന്നാണ്. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം അവർക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
സിനിമയിൽ കൃത്യമായ ഇന്റേണൽ കമ്മിറ്റികൾ വേണമെന്നത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും, തടയുക , നിരോധിക്കുക, ശിക്ഷിക്കുക എന്നീ മൂന്ന് ഘട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തിടത്തോളം കാലം സിനിമാ മേഖലയിൽ പൂർണമായ മാറ്റം സംഭവിക്കില്ല. ഇതിനായുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി മുന്നോട്ട് പോകുന്നത്.
സംവിധായകൻ രഞ്ജിത്തിന്റെ ഇപ്പോഴത്തെ അറസ്റ്റ് എനിക്ക് ഒരു സർപ്രൈസോ ഷോക്കോ അല്ല. ഇത്തരം കാര്യങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. കാരണം, ഭൂതകാലത്തിൽ അവർ ചെയ്ത തെറ്റുകൾക്ക് അവർ ഒരു വിലയും കൊടുക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് യാതൊരു പേടിയുമില്ല. അതിജീവിച്ചവരെ വിശ്വസിക്കണമോ അതോ മറുവശത്തുള്ളവരെ വിശ്വസിക്കണമോ എന്നൊക്കെയുള്ള ചർച്ചകൾ ഇനിയും നീണ്ടുപോയേക്കാം.
മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ (thak gayi mei: ഞാൻ മടുത്തുപോയി) വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. പക്ഷേ, ഇവിടെ ഞങ്ങൾക്കും ജീവിക്കണം, കൂടെ ജോലി ചെയ്യുകയും വേണം. ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നതിനൊപ്പം തന്നെ സ്വന്തം തൊഴിലിൽ ശ്രദ്ധിക്കാനും പണം സമ്പാദിക്കാനും പ്രസക്തമായി നിലനിൽക്കാനും ഞങ്ങൾ പാടുപെടുകയാണ്.’’ പാർവതി തിരുവോത്ത് പറയുന്നു.






