പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നാൽപ്പതുകളിൽ എത്തിയപ്പോൾ ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്.
മുപ്പതുകളിൽ അനുഭവിച്ചിരുന്ന ഊർജസ്വലതയിൽ നിന്നും മാറി, ഓരോ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടി വരുന്ന ഒരു ഘട്ടത്തിലാണ് താനെന്ന് രഞ്ജിനി പറയുന്നു. മുപ്പതുകളിൽ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നൽ ഉണ്ടാകുമെങ്കിലും നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം ആർത്തവവിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങുമെന്നും താരം ഓർമിപ്പിക്കുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും, മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ശരീരത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും രഞ്ജിനി ഹരിദാസ് തന്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. സമാനമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടേറെ സ്ത്രീകൾക്ക് വലിയൊരു ഉൾക്കാഴ്ച നൽകുന്നതാണ് രഞ്ജിനിയുടെ ഈ തുറന്നുപറച്ചിൽ.
‘‘ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇപ്പോൾ എന്റെ പ്രധാന പ്രശ്നം. ഇത് വല്ലാത്തൊരു അവസ്ഥയാണ്, ഇനിയും ശരീരത്തിൽ മാറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ, ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ നടത്തുന്ന ഈ കളി ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. വിഷാദവും ഉത്കണ്ഠയും മൂഡ് മാറ്റങ്ങളുമൊക്കെയായി പലരും വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകാറുണ്ട്. പ്രായം നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം പഴയതുപോലെ പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കില്ല. പണ്ട് എത്ര വേണമെങ്കിലും ആഘോഷങ്ങളിൽ മുഴുകാമായിരുന്നു, പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഓരോ കാര്യത്തിലും നല്ല ശ്രദ്ധ വേണം. കൃത്യമായ ഉറക്കം അനിവാര്യമായി മാറുന്നു; ശരീരത്തിന്റെ രീതികളൊക്കെ മാറിത്തുടങ്ങുന്നു.
കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അതീവ ശ്രദ്ധ പുലർത്തേണ്ടി വരുന്ന ഒരു ഘട്ടം വരും. അങ്ങനെയൊരു ലോകത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ, അത് ചെറിയൊരു ബുദ്ധിമുട്ടല്ല. എങ്കിലും മുപ്പതുകളിൽ നമ്മൾ ഇപ്പോഴും ചെറുപ്പമാണെന്ന് നമുക്ക് തോന്നും. എനിക്കും അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. മുപ്പത്തിയഞ്ചിലും ആറിലും ആ ഊർജം നിലനിൽക്കുന്നുണ്ടെങ്കിൽ അത് വലിയ കാര്യമാണ്. പക്ഷേ മുപ്പത്തിയെട്ട്-നാൽപ്പത് വയസ്സുകളിലേക്ക് എത്തുമ്പോൾ ആർത്തവവിരാമത്തിന്റെ (Menopause) ഭാഗമായുള്ള വലിയ മാറ്റങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും.
അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണ്ണമായും നിലച്ചേക്കാം. എങ്കിലും ഇപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട്. ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. പണ്ട് വെയിൽ കായുന്നതും ബീച്ചിൽ പോകുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ശരീരം മാറിക്കൊണ്ടിരിക്കുന്നതിനാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാത്രമേ ഞാൻ യാത്ര പോകാറുള്ളൂ. ശരിക്കും ഇതൊരു വിചിത്രമായ അനുഭവമാണ്. കുഞ്ഞുണ്ടായ സമയത്ത് തീർച്ചയായും ഇത്തരമൊരു മാറ്റത്തിലൂടെ എല്ലാവരും കടന്നുപോയിട്ടുണ്ടാകും. പ്രസവശേഷം മിക്ക സ്ത്രീകളിലും ഇത്രയും വലിയൊരു ഹോർമോൺ മാറ്റം ഉണ്ടാകാറുള്ളതാണ്.
എന്റെ ജീവിതത്തിൽ ഏറ്റവും മാറ്റങ്ങൾ വന്ന ഘട്ടമാണിത്. രണ്ട് മൂന്ന് വർഷം മുമ്പ് ഒന്നും എന്റെ കൺട്രോളിൽ അല്ലെന്ന് തോന്നിത്തുടങ്ങി. വ്യക്തതയില്ല. ഒന്നിലും തൃപ്തി തോന്നുന്നില്ല. എല്ലാം ബോറിങ് ആയിരുന്നു. ബോഡി പെയിൻ കൂടുന്നു. ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്റ്റും മറ്റും ചെയ്തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു.
ഇപ്പോഴും പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്.
അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസ്സിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു.
കൃത്യമായ ഉറക്കവും ഭക്ഷണവുമാണ്. വർക്കൗട്ടും ചെയ്യുന്നുണ്ട്. പക്ഷേ ഇതെല്ലാം ചെയ്തിട്ടും ഇത് അനുഭവിക്കുന്നു. ഡോക്‌ടർമാരെ ഞാൻ കണ്ടതാണ്. അവർ പറയുന്നത് ചെയ്തിട്ടും ഇത് പോകുന്നില്ലേ. അതാണ് എന്റെ വലിയ ആശങ്ക. ഇതെങ്ങനെ പരിഹരിക്കാമെന്ന് എനിക്കറിയണം. അല്ലാതെ തന്നെ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ പെരിമെനോപോസ് കാരണമുള്ള ബുദ്ധിമുട്ടുകൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല.
ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവും ഉണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട. ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മെെക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ല.’’ രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ.







