യുവതിയെ ചവിട്ടി വീഴ്ത്തി; തുണികൊണ്ട് മൂടി ക്രൂരമർദനം, മോഷണം; അക്രമിക്കായി തിരച്ചിൽ

Spread the love

കൊച്ചി∙ കളമശേരിയിൽ കവർച്ചയ്ക്കിരയായ 23കാരി നേരിട്ടതു ക്രൂര മർദനം. യുവതിയെ ചവിട്ടിയിട്ടതിനു പിന്നാലെ തുണി കൊണ്ടു മുഖം മൂടി റെയിൽവേ തൂണിൽ തലയിടിപ്പിച്ച ശേഷമായിരുന്നു കവർച്ച. മുക്കാൽ പവന്റെ മാലയും ഒരു കാതിലെ കമ്മലും ഐഫോണും അക്രമി പിടിച്ചുപറിച്ചു. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണു പൊലീസ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ്.

 

ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം. കളമശേരിയിൽ പാര്‍ട്‍ൈടം ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ജസ്ന ഫാത്തിമയാണ് ആക്രമിക്കപ്പെട്ടത്. തൃക്കാക്കര നോർത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഹോസ്റ്റലിലേക്ക് റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. സൗത്ത് കളമശേരിയിലേക്ക് പെട്ടെന്ന് നടന്നെത്താനുള്ള ഈ വഴിയെ രാത്രിയും പകലും ഒട്ടേറെ പേർ സഞ്ചരിക്കുന്നതാണ്. എന്നാൽ ഞായറാഴ്ചയായതിനാലും രാത്രിയായതിനാലും ഇന്നലെ അധികം തിരക്കുണ്ടായിരുന്നില്ല. പ്രദേശത്ത് കാര്യമായ വെളിച്ചമില്ലാത്തതും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

 

റെയിൽവേ ട്രാക്കിലേക്ക് കടക്കുന്ന വഴിയിൽ വച്ച് അക്രമി ജസ്നയുടെ തലയിലൂടെ മുണ്ട് കൊണ്ട് മൂടിയ ശേഷം പിന്നിൽ നിന്ന് ചവിട്ടി. തുടർന്ന് വലിച്ചിഴച്ച് സമീപത്തെ ഓടയിലേക്ക് ഇട്ടിട്ടും മർദനം തുടർന്നു. തടയാൻ ശ്രമിച്ച യുവതിയുടെ തല അക്രമി റെയിൽവേ തൂണിൽ പലതവണ ഇടിപ്പിച്ചു. ഇതിനു പുറമേ സമീപത്തു കിടന്ന കല്ലു കൊണ്ടും മർദിച്ചു. തുടർന്നു, യുവതിയുടെ 6 ഗ്രാം സ്വർണമാലയും ഐഫോണും ഒരു കമ്മലും കവർന്ന് അക്രമി ഇരുട്ടിൽ മറഞ്ഞു.

 

തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ ജസ്ന, രക്തം വാർന്ന നിലയിൽ സമീപത്ത് സഹപ്രവർത്തകർ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവുകൾക്ക് തുന്നലിടേണ്ടി വന്നുവെന്നും യുവതി നിലവിൽ അപകടനില തരണം ചെയ്തെങ്കിലും കടുത്ത മാനസികാഘാതത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കളമശേരി പൊലീസിന് പ്രതിയെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായാണ് വിവരം. പാന്റ്സും ഷർട്ടും ധരിച്ച, തലയിൽ തൊപ്പിയും തോളിലൊരു ബാഗുമുണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എച്ച്എംടി ജംക്‌ഷൻ പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് നിർണായക സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

 

എച്ച്എംടി ജംക്‌ഷൻ മുതൽ യുവതി സഞ്ചരിച്ച പാതയിലെ അഞ്ചിലധികം സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. എച്ച്എംടി ജംക്‌ഷൻ മുതൽ പ്രതി യുവതിയെ പിന്തുടർന്നിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണെന്നും സംശയമുണ്ട്. യുവതിയിൽനിന്ന് കൈക്കലാക്കിയ ഐഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അതിന്റെ അവസാന ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. കളമശേരി, കുസാറ്റ് പരിസരങ്ങളിലെ ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *