
∙ ഹയർസെക്കൻഡറി വിദ്യാർഥിയെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ പ്രമുഖ സ്കൂളിലെ 40 വയസ്സുകാരിയായ അധ്യാപിക അറസ്റ്റിൽ. കുറ്റാരോപിതയായ സ്ത്രീ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷിക ചടങ്ങിനായി നൃത്ത ഗ്രൂപ്പ് സ്ഥാപിക്കുന്നതിനായി വിവിധ മീറ്റിങ്ങുകൾ അധ്യാപകരും വിദ്യാർഥികളും തമ്മിൽ നടന്നിരുന്നു. ഈ സമയത്താണ് താൻ കൗമാരക്കാരനിൽ ആകൃഷ്ടയായതെന്ന് അധ്യാപിക പൊലീസിനു മൊഴി നൽകി.
പീഡനത്തിന് ഇരയായ ആൺകുട്ടി തുടക്കത്തിൽ വിമുഖത കാണിക്കുകയും അധ്യാപികയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു. ഈ സമയത്തു സ്കൂളിനു പുറത്തുള്ള സ്ത്രീ സുഹൃത്തിനെ സമീപിച്ച് അധ്യാപിക സഹായം തേടുകയായിരുന്നു. സുഹൃത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കാണുകയും പ്രായമായ സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം വളരെ സാധാരണമായി മാറിയിരിക്കുന്നുവെന്ന് അവനോട് പറയുകയും ചെയ്തു.
വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിദ്യാർഥിയെ നഗ്നനാക്കിയ ശേഷമായിരുന്നു അധ്യാപികയുടെ പീഡനം. ഇതിനുപിന്നാലെ മാനസിക പ്രയാസം നേരിട്ട വിദ്യാർഥിക്ക് അതു മറികടക്കാനുള്ള ഗുളികകളും അധ്യാപിക നൽകി. അധ്യാപികയുടെ വാഹനം അന്വേഷണത്തിനായി പിടിച്ചെടുത്തു. മദ്യപാനിയായ അധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടക്കം വിദ്യാർഥിയെ നിരവധി തവണ കൂട്ടിക്കൊണ്ടപോയാണു പീഡിപ്പിച്ചത്.
വിദ്യാർഥിയുടെ കുടുംബം പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ അധ്യാപിക മനെ ശല്യപ്പെടുത്തുന്നതു നിർത്തുമെന്നു കരുതിയ കുടുംബം സംഭവം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ പാസായ ശേഷവും വിദ്യാർഥിയെ അധ്യാപിക ബന്ധപ്പെടുകയായിരുന്നു.
തന്റെ വീട്ടുജോലിക്കാരിൽ ഒരാൾ വഴി അധ്യാപിക വിദ്യാർഥിയെ ബന്ധപ്പെടുകയും തന്നെ കാണാൻ ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് കൗമാരക്കാരന്റെ കുടുംബം പൊലീസിനെ സമീപിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.