149 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി, കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു

Spread the love

ന്യൂ‍ഡൽഹി∙ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ട വിമാന സര്‍വീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സപ്രസ് സർവീസുകള്‍ ഇന്ന് രാവിലെ മുതൽ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടന്ന യാത്രക്കാർക്കായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

 

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലെത്തുന്ന ആദ്യ വിമാനമായിരുന്നു ഇത്. ബഹ്റൈൻ, കുവൈത്ത്,ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചിട്ടില്ല.

 

ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ നടപടികൾ ആരംഭിച്ചു. ഇൻഡിഗോ പത്ത് പ്രത്യേക വിമാനങ്ങൾ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എമിറേറ്റ്, എത്തിഹാദ് വിമാനക്കമ്പനികളും ഡൽഡി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.

 

അബുദാബിയിലേക്കും അബുദാബിയിൽ നിന്നുമുള്ള എല്ലാ ഇത്തിഹാദ് വിമാനങ്ങളും മാർച്ച് 5 വരെ താൽക്കാലികമായി നിർത്തിവച്ചു. യുഎഇ അധികാരികളുമായി സഹകരിച്ചും കർശനമായ പ്രവർത്തന, സുരക്ഷാ അംഗീകാരങ്ങൾക്കും വിധേയമായി ഏതാനും റീപൊസിഷനിങ്, കാർഗോ, പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള വിമാനങ്ങൾ എന്നിവ പ്രവർത്തിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു.

 

വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത എമിറേറ്റ്സ് വിമാനങ്ങളും യുഎഇ സമയം മാർച്ച് 4 ന് രാത്രി 11:59 വരെ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. മാർച്ച് 3, 4 തീയതികളിൽ പരിമിതമായ എണ്ണത്തിൽ യാത്രാക്കാരെ തിരിച്ചയക്കുന്നതിനും ചരക്ക് വിമാനങ്ങൾക്കും എമിറേറ്റ്സ് തുടർന്നും സേവനം നൽകും. ഈ പരിമിതമായ വിമാനങ്ങളിൽ നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന. എമിറേറ്റ്സ് നേരിട്ട് യാത്രക്കാരെ അറിയിച്ചിട്ടില്ലെങ്കിലോ ഈ വിമാനങ്ങളിൽ സ്ഥിരീകരിച്ച ബുക്കിങ് ലഭ്യമായില്ലെങ്കിലെ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

 

യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്പൈസ്‌ജെറ്റിന്റെ സർവീസുകളിലൊന്ന് കൊച്ചിയിലേക്കും. ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു കൂടാതെ ഡൽഹി, മുംബൈ നഗരങ്ങളിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഫുജൈറ – ഡൽഹി, ഫുജൈറ – മുംബൈ സർവീസുകൾ മാർച്ച് നാലുമുതൽ സാധാരണനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും സ്പൈസ്‌ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു.

 

അതേസമയം, ഒമാനിൽ സ്ഥിതി ശാന്തമാണെന്ന് മസ്കറ്റിൽനിന്ന് ഡൽഹിയിലെത്തിയ പ്രവാസികൾ അറിയിച്ചു. ‘‘24 മണിക്കൂർ നേരത്തേക്ക് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എന്നാൽ അവസാന 24 മണിക്കൂറിൽ എല്ലാം പറന്നുതുടങ്ങി’’ – ഡൽഹിയിലെത്തിയ യാത്രക്കാരിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

 

മുംബൈയിൽനിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം രണ്ടുതവണ തിരിച്ചു പറന്നശേഷം ദുബായിൽ ലാൻഡ് ചെയ്തു. യുഎഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ ബാലിസ്റ്റിസ് മിസൈലുകളെ നേരിടുകയാണെന്ന് അവിടെനിന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പു കിട്ടിയിരുന്നു. ഇതേത്തുടർന്ന് രണ്ടുവട്ടം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ വിമാനം തിരിച്ചുപറന്നശേഷമാണ് ലാൻഡ് ചെയ്തത്.

  • Related Posts

    പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വയോധികൻ‌; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്.…

    മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

    Spread the love

    Spread the loveചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്.   ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം…

    Leave a Reply

    Your email address will not be published. Required fields are marked *