കേരളമാതൃക ലോകം വീണ്ടും കണ്ടു; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.

 

ലോകത്താകെയുണ്ടായ മഹായുദ്ധങ്ങളില്‍ പോലും യുദ്ധനീതി എന്ന ഒന്നുണ്ടായിരുന്നു പക്ഷെ ഇവിടെ നാം കണ്ടത് ഈ പുനരധിവാസ പദ്ധതിക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ചിലരുടെ ഇടപെടലാണ്. അതില്‍ ലോകത്ത് കാണുന്ന യുദ്ധ നീതിപോലും കണ്ടില്ലെന്ന് പിണറായി പറഞ്ഞു

 

ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അശേഷം സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു. എല്ലാവരും സഹകരിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാരെ വരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും പിണറായി പറഞ്ഞു.

 

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.

 

2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സര്‍വവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സര്‍ക്കാര്‍ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്പെയ്സ്… എല്ലാം സജ്ജം.

 

അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നത്. ഓരോ നിർമ്മാണ ഘട്ടത്തിനു മുമ്പും ശേഷവും പരിശോധിച്ച് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. അത് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നിർമ്മാണഘട്ടത്തിലുള്ള ഓരോ പരിശോധനയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഓരോ പരിശോധനയുടെ വീഡിയോയും അതുപോലെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുന്നു. ഈ രീതിയിൽ യാതൊരുവിധ പോരായ്മകളും ഇല്ലാതെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മുമ്പോട്ടു കൊണ്ടുപോയത്.

 

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ദുരിതബാധിതർക്ക് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയിരുന്നു. ഒന്നുകിൽ അവർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിൽ ഒരു വീട് ഓപ്റ്റ് ചെയ്യാം, അല്ലെങ്കിൽ സർക്കാരിന്റെ പുനരധിവാസ തുകയായി പതിനഞ്ച് ലക്ഷം രൂപ സ്വീകരിക്കാം. മഹാഭൂരിപക്ഷം കുടുംബങ്ങളും സർക്കാരിന്റെ ടൗൺഷിപ്പിലുള്ള വീട് തന്നെ സ്വീകരിച്ചു എന്നുള്ളത് ഇതിന്റെ ഗുണമേന്മയും സ്വീകാര്യതയും വെളിവാക്കുന്നു. ദുരന്തത്തിൽ നഷ്ടമുണ്ടായ സംരംഭകർക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള പുനരുജ്ജീവന പദ്ധതിയും നടപ്പാക്കുകയാണ്. അതും ബന്ധപ്പെട്ടവർക്കു സ്വീകാര്യമായ നിലയിൽ.

 

ഇതോടൊപ്പം കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിൻ്റെ നിർമാണ പ്രവർത്തനവും ആരംഭിക്കുകയാണ്. കൽപ്പറ്റ ഗവ. എൽ പി. സ്കൂൾ ഇങ്ങോട്ട് മാറ്റുകയാണെങ്കിൽ സ്ഥലം ഒരുക്കും. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുന്ന കാര്യവും ആലോചിക്കും.

 

മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്വേഷങ്ങളില്ലാതെ പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തിനെതിരെ വ്യാജ നിർമ്മിതികളും വ്യാജ പ്രചാരണങ്ങളും അതിന് വേണ്ട സിനിമകൾ അടക്കം സൃഷ്ടിക്കുന്നത്. അവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃക.

 

ഇത് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. ആ പരസ്പരസ്‌നേഹം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം. ഈ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായതായി പ്രഖ്യാപിക്കുന്നു.

  • Related Posts

    ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും, ആളുകളോട് മോശം പെരുമാറ്റം, അതുലിന് ഇഷ്ടം ഹൽവ

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുണ്ട അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. അവരാണ്…

    താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.കൂടുതൽ വിവരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *