കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എട്ടുവർഷത്തിനിടെ കൂടിയത് 15,328 എണ്ണം

Spread the love

കോഴിക്കോട്: കണക്കെടുപ്പ് പൂർത്തിയായപ്പോൾ നഗരത്തിൽ കണ്ടെത്തിയത് 28,510 തെരുവുനായകൾ. മൃഗസംരക്ഷണവകുപ്പിന്റെ ചട്ടപ്രകാരം പൂക്കോട് വെറ്ററിനറി കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബേപ്പൂർ, നടുവട്ടം മേഖലകളിലാണ് കൂടുതലുള്ളത്.

 

2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നു ഉണ്ടായിരുന്നത്. എട്ടുവർഷത്തിനിടെ 15,328 നായകളാണ് കൂടിയത്. കോർപ്പറേഷനിൽ എ.ബി.സി. പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ തെരുവുനായകളുടെ എണ്ണം ഒരുലക്ഷം മുതൽ അഞ്ചുലക്ഷംവരെയാകുമായിരുന്നു. സർവേയിലുൾപ്പെട്ട നായകളിൽ 45 ശതമാനം വന്ധ്യംകരണം നടത്തിയവയാണെന്നും വ്യക്തമായി. എ.ബി.സി.യിലൂടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻപറ്റിയെന്നാണ് ഇതിലൂടെ വ്യക്തമായതെന്ന് കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. ചുരുങ്ങിയത് പത്തുവർഷമെങ്കിലും വന്ധ്യംകരണം തുടർച്ചയായി നടപ്പാക്കിയാൽ മാത്രമേ എ.ബി.സി.ക്കുശേഷം തെരുവുനായകളുടെ എണ്ണം കുറയൂവെന്നാണ് കണക്കാക്കുന്നത്.

 

കോർപ്പറേഷനിലെ 76 വാർഡുകളിൽ തിരഞ്ഞെടുത്ത 28 വാർഡുകളിലാണ് സർവേ നടത്തിയത്. തെരുവുനായകൾ കൂടുതലും കുറവുമുള്ള സ്ഥലങ്ങളിലെല്ലാം സർവേ നടത്തി. അന്തിമറിപ്പോർട്ട് രണ്ടാഴ്ചകൊണ്ട് സമർപ്പിക്കും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഏത് പ്രദേശത്താണ് കൂടുതൽ ഊന്നൽ നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി ഇടപെടാനും നിർദേശം നൽകി.

 

പ്രാഥമിക റിപ്പോർട്ട് വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, മേയർ ഒ. സദാശിവന് കൈമാറി. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ കെ. രാജീവ്, വി.പി. മനോജ്, വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.

 

ലൈസൻസ് നിർബന്ധം

 

വീടുകളിൽ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്. എന്നാൽ, പലരും ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണ്. കോർപ്പറേഷനിൽ ആയിരത്തോളം ലൈസൻസെടുത്തിട്ടുണ്ട്. ലൈസൻസിന് കെസ്മാർട്ടിലൂടെ അപേക്ഷിക്കാം. 500 രൂപയാണ് ലൈസൻസ് ഫീസ്. 300 രൂപ മൈക്രോചിപ്പിനും വേണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ലൈസൻസ് നൽകൂ. റാബീസ് വാക്സിൻ കാലാവധി എന്നുവരെയാണോ അതുവരെയാണ് ലൈസൻസ് കാലാവധി. മൈക്രോചിപ്പ് സ്‌കാൻചെയ്താൽ ഉടമയുടെ വിവരം അറിയാൻപറ്റും.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *