എല്ലാം ‘ഡീൽ’ ആയത് 30 മിനിറ്റ് നീണ്ട ഫോൺ കോളിൽ, ട്രംപ് പറഞ്ഞതിനപ്പുറം ‘ഒന്നും പറയാതെ’ മോദി; ആ വാഗ്ദാനമെന്ത്?

Spread the love

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ അരമണിക്കൂർ ഫോൺ സംഭാഷണത്തിന്റെ ഫലമെന്ത്? ഇന്ത്യ – യുഎസ് വ്യാപാരക്കരാർ ഉൾപ്പെടെ പല കാര്യങ്ങളിൽ ധാരണയായെന്ന് ട്രംപ്; ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള തീരുവ യുഎസ് 18 ശതമാനമാക്കി കുറയ്ക്കുമെന്ന് മോദി. മോദിയുടെ പ്രസ്താവന വന്നതിനുശേഷം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവും പീയൂഷ് ഗോയലും സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ പ്രസ്താവന നടത്തിയെങ്കിലും ട്രംപ് പറഞ്ഞതിനപ്പുറം ഒന്നും പറഞ്ഞില്ല. കരാറിനു ധാരണയായെന്ന് സൂചിപ്പിച്ച് യുഎസിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്രയുടെ പ്രസ്താവന പിന്നാലെ വന്നു.

 

ട്രംപിന് മോദിയുടെ ഫോൺവിളി എത്താത്തതുകൊണ്ടാണു വ്യാപാരക്കരാർ സാധ്യമാകാത്തത് എന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് കഴിഞ്ഞ മാസം പറഞ്ഞത്. ഇന്ത്യ അതു നിഷേധിക്കുകയും ചെയ്തിരുന്നു. എന്തായാലും, ഇന്നലെ ഫോൺ സംഭാഷണം നടന്നതായി ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെ ട്രംപിന്റെ പ്രസ്താവനയുമെത്തി. ഇന്ത്യ–പാക്കിസ്ഥാൻ പ്രശ്നത്തിലുൾപ്പെടെ പ്രസ്താവന നടത്തി ട്രംപ് നേരത്തേ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതാണ്.

 

ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറിനു ധാരണയായി ദിവസങ്ങൾക്കുശേഷവും കേന്ദ്ര ബജറ്റിന്റെ പിറ്റേന്നുമാണ് കരാറിനു ധാരണയെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന്റെ സ്ഥിരീകരണം ഇന്നലെയുണ്ടായില്ലെങ്കിലും, യുഎസുമായുള്ള ‘ഫാദർ ഓഫ് ഓൾ ഡീൽസ്’ ഉടനെയുണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഏതാനും ദിവസം മുൻപ് പറഞ്ഞിരുന്നു.

 

മോദിയുടെ അഭ്യർഥന പ്രകാരമാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള തീരുവ കുറയ്ക്കാൻ തീരുമാനിച്ചതെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി പൂർണമായി നിർത്തുമെന്നും പകരം വെനസ്വേലയിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി ഉറപ്പു നൽകിയെന്നാണ് ട്രംപ് പറയുന്നത്. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങാതിരുന്നാൽ അത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. റഷ്യൻ എണ്ണയുടെ പേരിലായിരുന്നു ഇന്ത്യയ്ക്കുമേൽ 25% അധിക തീരുവ യുഎസ് ചുമത്തിയത്. ലോകസമാധാനത്തിനു ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നും ഇന്ത്യ അതിനെ പിന്തുണയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കിയതിൽനിന്ന് റഷ്യൻ എണ്ണയുടെ കാര്യത്തിൽ ധാരണയായെന്ന് അനുമാനിക്കേണ്ടിവരും.

 

യുഎസ് ഉൽപന്നങ്ങൾക്ക് തീരുവയിലൂടെയും അല്ലാതെയുമുള്ള തടസ്സങ്ങൾ പൂർണമായി ഒഴിവാക്കാൻ ഇന്ത്യയുടെ നടപടിയുണ്ടാകുമെന്നും ട്രംപ് വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽതന്നെ പല ഉൽപന്നങ്ങൾക്കുമുള്ള തീരുവ കുറയ്ക്കുന്നതിനുള്ള തീരുമാനം ധന ബില്ലിലൂടെ സൂചിപ്പിച്ചിരുന്നു.

 

യുഎസിൽനിന്ന് കാർഷികോൽപന്നങ്ങളുൾപ്പെടെ കൂടുതലായി വാങ്ങുമെന്നതാണ് മോദിയിൽനിന്നു ലഭിച്ചതായി ട്രംപ് പറയുന്ന മറ്റൊരു ഉറപ്പ്. കാർഷിക, പാലുൽപന്ന മേഖലകളെ സംബന്ധിച്ച തർക്കമാണ് കരാർ സാധ്യമാകുന്നതിന് പ്രധാന തടസ്സങ്ങളിലൊന്നായി നേരത്തേ സൂചിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, കാർഷികോൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ വാഗ്ദാനമെന്ത് എന്നതിന്റെ വിശദാംശങ്ങൾ ഏറെ പ്രസക്തമാകും. യൂറോപ്യൻ രാജ്യങ്ങളിലെ കർഷകർക്കു ഗുണം ചെയ്യുന്നതാണ് ഇന്ത്യയുമായുള്ള കരാറെന്ന് ഇയു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

സംസ്കരിച്ച അഥവാ മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതിയാവും കൂടുതലായി ഇന്ത്യയിലേക്ക് ഉണ്ടാവുകയെന്നാണ് ഇക്കാര്യത്തിലുള്ള സൂചന. ഇതേ രീതിയിലുള്ളതാണോ യുഎസുമായി ഉണ്ടാക്കുന്ന ധാരണയെന്ന് വ്യക്തമാകേണ്ടതുണ്ട്.

 

കരാറിലേക്ക് എത്തിക്കുന്ന ഘടകങ്ങളെക്കുറിച്ച് തന്റെ ധാരണ ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. മോദിയുടെ ധാരണ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അത് ഇന്ന് പാർലമെന്റിൽ വെളിപ്പെടുത്തുകയെന്ന താൽപര്യത്തോടെയാണോ പ്രധാനമന്ത്രി വിശദമായ പ്രസ്താവനയ്ക്കു ഉടനെ തയാറാകാതിരുന്നതെന്ന് വ്യക്തമല്ല. ഇന്ന് പാർലമെന്റ് ചേരുന്നതിനു മുൻപ് മോദി ഭരണപക്ഷ എംപിമാരെ അഭിസംബോധന ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യൻ സർക്കാരിന്റെ നടപടികൾ ട്രംപിൽനിന്നാണ് അറിയുന്നതെന്നും ‘ട്രംപ്–നിർഭരത’യാണ് ഇതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *