കോഴിക്കോട്∙ പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ തന്നെക്കുറിച്ചു വന്ന പരാമർശങ്ങൾ തള്ളി വടകര ഡിവൈഎസ്പി ഉമേഷ്. നവംബർ 15ന് ചെർപ്പുളശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ (52) സമീപം കണ്ടെത്തിയ 32 പേജ് വരുന്ന ആത്മഹത്യക്കുറിപ്പിലാണ് 2014 ൽ മേലുദ്യോഗസ്ഥനായിരുന്ന ഉമേഷിനെതിരെ പരാമർശങ്ങളുണ്ടായിരുന്നത്. കോഴിക്കോട് തൊട്ടിൽപാലം സ്വദേശിയാണ് ബിനു. ആറു മാസം മുൻപാണ് ചെർപ്പുളശ്ശേരിയിൽ സ്ഥലംമാറി എത്തിയത്.
2014 ൽ അനാശാസ്യത്തിന് പിടിയിലായ യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, 11 വർഷം മുൻപുളള സംഭവമാണെന്നും കത്തിൽ പരാമർശിക്കുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഉമേഷ് വെളിപ്പെടുത്തിയത്. കത്തിലെ വിവരങ്ങൾ അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മേൽ ഉദ്യോഗസ്ഥരും ഇതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ല. കത്തിനെക്കുറിച്ച് ചോദ്യമുണ്ടായാൽ മറുപടി നൽകുമെന്നും ഉമേഷ് പറഞ്ഞു.
ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ടായ വടകര ഡിവൈഎസ്പിയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച തന്നെ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഉമേഷിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടി ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.






