കൊൽക്കത്ത ∙ വടക്കൻ കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു. ബേലഗട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്ദിയാണ് കുഴഞ്ഞു വീണത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള നന്ദിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സൂപ്പർവൈസറുമായുള്ള ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അനിമേഷ് കുഴഞ്ഞുവീണത്. ഇതിനുപിന്നാലെ ബിഎൽഒമാരുടെ ജോലിഭാരം ചൂണ്ടിക്കാട്ടി സംഘടനകൾ രംഗത്തെത്തി. സ്കൂൾ ചുമതലകൾക്ക് പുറമെയുള്ള തീവ്രമായ സമ്മർദ്ദം ജോലിയെ ബാധിക്കുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതായും ബിഎൽഒ യൂണിറ്റ് മഞ്ച് വക്താവ് സ്വപൻ മൊണ്ടൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ബലപ്രയോഗത്തിലൂടെ എസ്‌ഐആർ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നിരവധി ബിഎൽഒമാർ അസൗകര്യം നേരിടുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് ആരോപിച്ചത് രാഷ്ട്രീയ വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. ബിഎൽഒമാർക്ക് സഹായികളെ നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വാഗ്ദാനം നടപ്പായിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലും രാജസ്ഥാനിലും സമ്മർദം താങ്ങാനാവാതെ രണ്ട് ബിഎൽഒമാർ ആത്മഹത്യ ചെയ്തിരുന്നു. തമിഴ്നാട്ടിൽ റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥർ നാളെ മുതൽ ജോലിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കൊൽക്കത്തയിലെ പ്രതിഷേധങ്ങളും മറ്റും പുറത്തുവരുന്നത്.






