കോട്ടയം ∙ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി.
അയ്മനം പരിപ്പ് ദേവസ്വത്തിൽ 1988 –89 വർഷത്തിൽ സുധീഷ് സബ് ഗ്രൂപ്പ് ഓഫിസർ ആയി ജോലി നോക്കുമ്പോഴാണ് സംഭവം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികളിൽ രണ്ടു പേരും, സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസിൽ ഉൾപ്പെട്ടിരുന്നു.
ശബരിമല സ്വർണക്കവർച്ചക്കേസിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്ത മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിനെ റിമാൻഡ് ചെയ്തു. 2019 മേയ് 18നു കട്ടിളപ്പാളി അഴിച്ചപ്പോൾ ചെമ്പെന്ന് തിരുവാഭരണം കമ്മിഷണർ സാക്ഷ്യപ്പെടുത്തിയിരുന്നു. കട്ടിളപ്പാളി സ്വർണം പൂശാനെന്ന പേരിൽ അഴിച്ച സമയത്തെ മഹസറിൽ ദേവസ്വം സ്മിത്തും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കട്ടിളപ്പാളി കേസിൽ നാലാം പ്രതിയായ ബൈജുവിന്റെ അറസ്റ്റും റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി.
റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും സുധീഷ് കുമാറിനെ 12 വരെയുമാണു കസ്റ്റഡിയിൽ വിട്ടത്.






