കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ വേദന തിന്ന് കഴിയുമ്പോഴും ഒന്‍പത് വയസ്സുകാരി വിനോദിനി വിശ്വസിക്കുന്നത് മുറിച്ചുമാറ്റിയ ശേഷം പൊതിഞ്ഞു കെട്ടിയിരിക്കുന്നിടത്ത് തന്റെ കൈ വളർന്നുവരുമെന്നാണ്. കെട്ടഴിച്ചാല്‍ വിരലുകള്‍ പഴയപോലെ ചലിപ്പിക്കാനാവുമെന്നും തിരികെ നാട്ടിലെത്തിയാല്‍ സ്‌കൂളില്‍ പോയി പുസ്തകത്തില്‍ എഴുതാനാവുമെന്നുമാണ്. അങ്ങനെ പറഞ്ഞാണ് രക്ഷിതാക്കള്‍ വേദനയെടുത്ത് കരയുമ്പോഴെല്ലാം അവളെ ആശ്വസിപ്പിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനി ഇതിനകം അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ചിലപ്പോള്‍ എന്റെ കൈ എന്ന് പറഞ്ഞു വിനോദിനി കരയും, ഇനിയും വേദനിക്കുമെന്ന് കരുതി നഴ്സുമാരെ അടുപ്പിക്കാന്‍ കൂട്ടാക്കാതിരിക്കും, ഡോക്ടര്‍മാര്‍ തൊടേണ്ടെന്ന് പറയും. കൈ വേഗം ശരിയാകേണ്ടെയെന്ന് ചോദിച്ചാല്‍ നല്ല കുട്ടിയാകും. വിരലുകള്‍ ചലിപ്പിക്കാന്‍ കാത്തിരിക്കുന്ന മകളോട് നിനക്ക് കൈയില്ലെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നോ അവള്‍ക്കത് ഉള്‍ക്കൊള്ളാനാവുമെന്നോ പോലും അവര്‍ക്കറിയുകയില്ല. പഠിക്കാന്‍ മിടുക്കിയായ മകളുടെ ഭാവി എന്താകുമെന്ന ആശങ്കമാത്രമാണ് മുന്നില്‍ ബാക്കിയാവുന്നത്.
തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍; സഹായം തേടി കുടുംബം
ആശുപത്രിയില്‍ മരുന്ന് ഫ്രീയായി കിട്ടും. രാവിലെയും വൈകിട്ടുമെല്ലാം ഭക്ഷണം വാങ്ങണം. 32 ദിവസമായി വിനോദിനിയുടെ അച്ഛന്‍ വിനോദ് ജോലിക്ക് പോയിട്ട്. ചെറിയ രണ്ടുകുട്ടികള്‍ വീട്ടിലാണ്. 2,500 രൂപ വീട്ടുവാടക, ഓട്ടോകൂലി, കറന്റ് ബില്ല് ഇതെല്ലാം കൊടുക്കണം. ഇനിയും ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നതിനാല്‍ മറ്റ് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 19-ന് പാലക്കാട് ജില്ലാ കളക്ടര്‍ റവന്യൂ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഇതുവരെ ധനസഹായമൊന്നും അനുവദിക്കപ്പെട്ടിട്ടില്ല. ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടും വിവരങ്ങള്‍ അറിയിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിയ എംഎല്‍എ നെന്മാറ ബാബുവിനേയും ഷാഫി പറമ്പില്‍ എംപിയെയേും കുടുംബത്തിന്റെ സ്ഥിതി അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. പിന്നീടാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടുമില്ല. കുട്ടിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടൈല്‍സ് പണിക്ക് പോയി കിട്ടുന്ന വരുമാനത്തില്‍നിന്ന് എങ്ങനെ ചെയ്യുമെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
പരിക്കു പറ്റിയത് കളിക്കുന്നതിനിടെ; പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് ആരോപണം
ഒക്ടോബര്‍ 24-നാണ് പല്ലശ്ശന സ്വദേശി വിനോദിനിക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ആദ്യം ചിറ്റൂരിലെ ആശുത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി എത്തി. അവിടെവെച്ച് കൈയില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. പ്ലാസ്റ്റര്‍ ഇട്ടശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞ് വരാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കുട്ടിയുടെ കൈയില്‍ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നുമാണ് കുടുംബം പറയുന്നത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമെടുത്തു.






