തിരുവനന്തപുരം ∙ സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക, തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്കു മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇത് പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായി വരുന്ന 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് ആയിരിക്കും. 21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെലോ അലർട്ട് തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണം.






