തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണക്കൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പലരിൽ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നൽകി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പത്തു മണിക്കൂറോളമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി.ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തുടർന്ന് എസ്പി ശശിധരനും രാത്രി പന്ത്രണ്ടരയോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്ന നടപടിയുടെ ഭാഗമായി എത്തി. രാവിലെ തന്നെ പോറ്റിയെ പത്തനംതിട്ടയില്‍ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കും.
ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്പോണ്‍സറെന്ന്അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയില്‍ ഇതിന് അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്.






