കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഏലയ്ക്ക വാങ്ങിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി മുരിക്കശ്ശേരി സ്വദേശിയായ ലെനിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയും ഒന്നാം പ്രതിയുമായ ജോജിയുടെ സുഹൃത്താണ് ലെനിൻ.
കഴിഞ്ഞ ദിവസമാണ് സ്റ്റീൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി 81 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. ഈ പണത്തിൽ നിന്ന് 14 ലക്ഷം രൂപ ഉപയോഗിച്ച് പ്രതികൾ ഏലയ്ക്ക വാങ്ങുകയായിരുന്നു. വീട്ടിൽ സംഭരിച്ച നിലയിൽ കണ്ടെടുത്ത ഏലയ്ക്ക പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെ ഏലയ്ക്കാ തോട്ടത്തിനടുത്തുള്ള ഒരു വീട്ടിൽ ഒളിവിൽ കഴിയാൻ സഹായിച്ചതും ലെനിൻ ആണെന്ന് പോലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ട് ഘട്ടങ്ങളിലായി പത്തോളം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് പണമായി 53 ലക്ഷത്തോളം രൂപ ഇതിനോടകം റിക്കവറി ചെയ്തു. അതോടൊപ്പം 14 ലക്ഷം രൂപയുടെ ഏലയ്ക്കയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങുന്നതിനും ഹോട്ടൽ ബില്ലുകൾ അടക്കുന്നതിനും മറ്റുമായി പണം ചെലവാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേസിന് വലിയ ഗൗരവമുണ്ടെന്നും ഇത് കൊച്ചിയിൽ മാത്രം ഒതുങ്ങുന്ന കേസല്ലെന്നും പോലീസ് പറയുന്നു. കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരെ കണ്ടെത്തി അവരെ കവർച്ച ചെയ്യുന്ന സംഘവും, വൈറ്റ് മണി ഉള്ള ആളുകളുമായി ലിങ്ക് ഉണ്ടാക്കി ഇടനില നിന്ന് പണം തട്ടുന്ന സംഘവും ഈ കേസിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വവിരം.






