കോട്ടയം ∙ ആർഎസ്എസ് പ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ (24) തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.
ഇക്കാര്യത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നൽകി. യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. അനന്തുവിന്റെ അച്ഛൻ അജി ജീവിച്ചിരിപ്പില്ല.
ആർഎസ്എസിൽ ഇരകൾ വേറെയുമുണ്ട്. സംഘടനയിൽനിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് പുറത്തു പറയാൻ കഴിയുന്നതെന്നും യുവാവിന്റെ കുറിപ്പിൽ പറയുന്നു. പിതാവാണ് ആർഎസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കൾ കുട്ടികളെ സ്നേഹം നൽകി വളർത്തണമെന്നും അവരെ കേൾക്കാൻ തയാറാകണമെന്നും കുറിപ്പിലുണ്ട്.
മറ്റൊരു പോസ്റ്റ് കൂടി വൈകാതെ പ്രത്യക്ഷപ്പെടുമെന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നുണ്ട്. അനന്തു സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കു പോയത്. അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. അനന്തുവിന്റെ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ‘എൻ.എം’ എന്ന ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യണം എന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലെ ആവശ്യം. ഡിവൈഎഫ്ഐ പ്രവർത്തകർ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും നടത്തി.






