‘എന്റെ മോളെ കൊന്നവനല്ലേ…’: സനൂപ് ആശുപത്രിയിൽ എത്തിയത് മക്കളുമായി; കൊടുവാൾ സൂക്ഷിച്ചത് ബാഗിൽ

Spread the love

കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തന്റെ രണ്ടു മക്കളുമായാണ് ആശുപത്രി വളപ്പിൽ എത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കായി സനൂപ് അടുത്തിടെ ആശുപത്രിയിൽ എത്താറുള്ളതിനാൽ ഇയാളുടെ വരവിൽ ആർക്കും സംശയം തോന്നിയില്ല. തുടർന്ന്, മക്കളെ പുറത്തുനിർത്തി ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. സൂപ്രണ്ട് ഈ സമയം മുറിയിൽ ഇല്ലായിരുന്നു. എന്നാൽ, അവിടെയുണ്ടായിരുന്ന ഡോ.വിപിനെ സനൂപ് തലയിൽ വെട്ടി.

 

ആശുപത്രിയിലെ സീനിയർ ലാബ് ടെക്നീഷ്യൻ സുധാകരൻ സംഭവത്തിനു ദൃക്സാക്ഷിയാണ്. ഒരു രോഗിയുടെ രക്തം എടുത്തതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ് ഉച്ചയ്ക്ക് ഒന്നരയോടെ സൂപ്രണ്ടിന്റെ മുറിയിൽ പോയതെന്ന് സുധാകരൻ പറഞ്ഞു. ‘‘ഒരു രോഗിയുടെ രക്തമെടുത്തതുമായി ബന്ധപ്പെട്ട വിഷയം മെഡിസിന്റെ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്നതിനിടെയാണ് സനൂപ് കൊടുവാളുമായി അവിടെയെത്തിയത്. കാഷ്വാലിറ്റി ഡ്യൂട്ടിക്ക് എത്തിയ ഡോ.വിപിൻ സൂപ്രണ്ട് ഓഫിസിൽ ഉണ്ടായിരുന്നു. ‘എന്റെ മോളെ കൊന്നവനല്ലേ…’ എന്നു വിളിച്ചുപറഞ്ഞാണ് ഡോ.വിപിനെ വെട്ടിയത്. ചുറ്റും നിന്നവർക്ക് അൽപമൊക്കെ തടുക്കാൻ പറ്റിയെങ്കിലും അപ്പോഴേക്കും തലയ്ക്കു വെട്ടേറ്റിരുന്നു. ചുറ്റുമുണ്ടായിരുന്നവർ സനൂപിനെ പിടിച്ചുമാറ്റി ഓഫിസിന് പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ‘ഇവർ കാരണമാണ് എന്റെ മോൾ മരിച്ചത്’ എന്നാണ് സനൂപ് പിന്നെയും പറഞ്ഞുകൊണ്ടിരുന്നത്.’’ – സുധാകരൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരും മറ്റും തടുത്തില്ലായിരുന്നെങ്കിൽ ഡോക്ടറുടെ തല പിളർന്നുപോയേനെയെന്ന് ഓഫിസിൽ ആ സമയം ഉണ്ടായിരുന്ന അനിൽ എന്നയാൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച ചിലർക്കും നിസാര പരുക്കേറ്റതായാണ് വിവരം.

 

അതേസമയം, ഒരു പ്രകോപനവുമില്ലാതെയാണ് ഡോ.വിപിനെ സനൂപ് ആക്രമിച്ചതെന്ന് ഒപ്പം ജോലിചെയ്യുന്ന ഡോ.കിരൺ പറഞ്ഞു. ബാഗിൽ കൊണ്ടുവന്ന കൊടുവാൾ ഉപയോഗിച്ചാണ് ഡോ.വിപിനെ ആക്രമിച്ചത്. തൊട്ടടുത്ത് നിന്നാണ് വെട്ടിയതെങ്കിലും അടുത്തുള്ളവർ തടയാൻ ശ്രമിച്ചതിനാലാണ് വളരെ ആഴത്തിൽ വെട്ടേൽക്കാതിരുന്നത്. സിടി സ്കാൻ എടുത്താൽ മാത്രമേ പരുക്കിന്റെ ആഴം വ്യക്തമാകൂ. സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ചാണ് സനൂപ് ഒരു രോഗിയെപ്പോലെ ആശുപത്രിക്കുള്ളിലേക്കു കയറിയതെന്നും ഡോ.കിരൺ പറഞ്ഞു.

 

ഡോക്ടർക്കെതിരെ അക്രമമുണ്ടായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ താമരശേരി പൊലീസ് സനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച കൊടുവാളും കസ്റ്റഡിയിൽ എടുത്തു. സനൂപിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 118(2), 109(1) വകുപ്പുകൾ പ്രകാരവും ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിലെ വകുപ്പും ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പി പി.ചന്ദ്രമോഹനാണ് കേസ് അന്വേഷിക്കുന്നത്.

ഓഗസ്റ്റ് 14 നാണ് അനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥ പരിഗണിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിലേക്ക് മാറ്റിയതിലെ കാലതാമസവും രോഗനിർണയം നടത്താൻ വൈകിയതുമാണ് മകളുടെ മരണത്തിനിടയാക്കിയതെന്ന് സനൂപ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. അനയയുടെ രണ്ടു സഹോദരന്മാർക്കും പിന്നാലെ രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. മക്കൾക്ക് രോഗം വന്നതിന് കാരണം സമീപത്തെ കുളത്തിൽ കുളിച്ചതാകും എന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ സനൂപ് തയാറായിരുന്നില്ല. ഇരുപതോളം കുട്ടികൾ കുളിക്കുന്ന സ്ഥലത്ത് തന്റെ മകൾ മാത്രം ഈ രോഗം ബാധിച്ച് മരിച്ചത് എങ്ങനെയാണെന്ന് സനൂപ് അടുപ്പക്കാരോട് ചോദിച്ചിരുന്നു. മകളുടെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കാത്തതും മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിലും സനൂപ് സംശയങ്ങൾ ഉന്നയിച്ചിരുന്നതായും പറയുന്നു.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *