തേനാരിയിൽ പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ. തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ ജയപ്രകാശ്, പരാതിക്കാരിയുടെ ഭർത്താവിന് നൽകിയ പണം തിരികെ കിട്ടാത്തതിലുള്ള വിരോധം മൂലം ഇരുമ്പുവടിയുമായി പരാതിക്കാരിയും കുടുംബവും താമസിക്കുന്ന എലപ്പുള്ളി, തേനാരി, ഒകരപള്ളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന ഇവരുടെ കാറിന്റെ മുൻവശത്തെ ഗ്ലാസും കല്ലുകൊണ്ട് തകർത്ത് ഏകദേശം 200,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കസബ പൊലീസ് സ്റ്റേഷനിലും, കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും കേസുകളുണ്ട്..
കസബ പൊലീസ് ഇൻസ്പെക്‌ടർ എം.സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ എച്ച്. ഹർഷദ്, ഗ്രേഡ് എസ്ഐ ആർ. രാജീവ്, സീനിയർ സിപിഒ പി.രാജീവ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.






