ആശുപത്രി വരാന്തയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

Spread the love

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗിക്ക് വരാന്തയിൽ പ്രസവം. 51-ാം വാർഡിൽ ചികിത്സയിലായിരുന്ന യുവതിയെ ലേബർറൂമിൽ എത്തിക്കുന്നതിന് മുൻപ് വരാന്തയിൽ വെച്ച് പ്രസവം നടക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ കുറവും ലിഫ്റ്റ് തകരാറുമാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായതെന്നാണ് ആക്ഷേപം.

 

വെരിക്കോസ് വെയിൻ അസുഖമുള്ള യുവതി 15 ദിവസം മുൻപേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതൽ പ്രസവ വേദനയ്ക്കുള്ള മരുന്ന് നൽകിയിരുന്നു. രാത്രി എട്ടോടെ വേദന കലശലായപ്പോൾ കൂട്ടിരിപ്പുകാർ ഡ്യൂട്ടി നഴ്സിനെ അറിയിച്ചെങ്കിലും, ആ സമയം ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അറ്റൻഡർമാർ വീൽച്ചെയറുമായി എത്തിയെങ്കിലും രോഗിക്ക് അതിൽ ഇരിക്കാൻ സാധിക്കുമായിരുന്നില്ല.

 

പിന്നീട് സ്ട്രെച്ചറുമായി എത്തി ലേബർ റൂമിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ, വാർഡിന്റെ വരാന്തയിലെത്തിയപ്പോഴേക്കും പ്രസവം നടക്കുകയായിരുന്നു.

 

ഈ സമയം ഡോക്ടർ അടുത്തില്ലായിരുന്നുവെന്ന് വാർഡിലെ കൂട്ടിരിപ്പുകാർ. മറ്റ് രോഗികളുടെ കൂടെ നിന്ന കൂട്ടിരിപ്പുകാരാണ് പ്രസവമെടുക്കാൻ സഹായിച്ചത്. സംഭവം നടന്ന സമയത്ത് ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. റാമ്പ് വഴിയാണ് ഗർഭിണിയെയും കുഞ്ഞിനെയും സ്ട്രെച്ചറിൽ നാലാം നിലയിൽ നിന്ന് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലേബർ റൂമിൽ എത്തിച്ചത്.

 

പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയെ ആരോഗ്യ സ്ഥിതി പരിഗണിച്ച് നേരത്തേതന്നെ ലേബർ റൂമിലേക്ക് മാറ്റാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്ന വിമർശനമുയർന്നിട്ടുണ്ട്.

 

അതേസമയം, മാതാവിനും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ. ഈ വിഷയത്തിൽ രോഗിയുടെ ബന്ധുക്കൾ പരാതിപ്പെടാൻ തയ്യാറായിട്ടില്ല.വെരിക്കോസ് വെയിൻ അസുഖമുള്ള ഗർഭിണിക്ക് പ്രസവവേദന വന്ന ഉടൻതന്നെ പ്രസവം നടക്കുകയായിരുന്നുവെന്ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്. യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. കുഞ്ഞിന് ഭാരവും കുറവായിരുന്നു. ഈ കാരണങ്ങൾകൊണ്ടാണ് വേദന വന്ന ഉടൻ പ്രസവം നടന്നതെന്നും അദ്ദേഹം. കൂടാതെ, മഴ കാരണം ആശുപത്രിയുടെ തറനിലയിൽ വെള്ളം കയറുന്നതിനാൽ ലിഫ്റ്റ് ഓഫ് ചെയ്തിരുന്നു. ഇത്തരം സമയങ്ങളിൽ ഷോർട്ട് സർക്യൂട്ട് അടക്കമുള്ള അപകടസാധ്യത മുന്നിൽ കണ്ട് ലിഫ്റ്റ് ഓഫ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ, അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഡോക്ടർമാരോ നഴ്സുമാരോ വാർഡിൽ ഉണ്ടായിരുന്നില്ലെന്ന് കൂട്ടിരിപ്പുകാർ. നഴ്സുമാരുടെ എണ്ണം കുറവായതിനാൽ 90-100 രോഗികളെ അഡ്മിറ്റ് ചെയ്യുന്ന വാർഡുകളിൽ ഒരു ഷിഫ്റ്റിൽ ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. രോഗികളുടെ പരിചരണത്തിനു പുറമെ നിരവധി ക്ലറിക്കൽ ജോലികളും നഴ്സുമാർക്ക് പൂർത്തിയാക്കേണ്ടതുണ്ട്.

 

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ 251 നഴ്സുമാരിൽ 12 പേർ മെറ്റേണിറ്റി അവധിയിലും 15 പേർ ദീർഘകാല അവധിയിലുമാണ്. ചട്ടപ്രകാരം നാല് രോഗികൾക്ക് ഒരു നഴ്സ് എന്നതാണ് അനുപാതമെങ്കിലും, കോഴിക്കോട് മെഡിക്കൽ കോളജിൽ ഏകദേശം 60 രോഗികൾക്ക് ഒരു നഴ്സ് എന്ന അനുപാതത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

  • Related Posts

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    Spread the love

    Spread the loveകാസർകോട് ∙ ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തുകയും എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉപ്പള…

    Leave a Reply

    Your email address will not be published. Required fields are marked *