കൊച്ചി ∙ ജിമ്മിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്ന കേസിൽ ബിഗ് ബോസ് റിയാലിറ്റി ഷോ താരം പി.ഡി.ജിന്റോയ്ക്ക് മുൻകൂർ ജാമ്യം. ഈ മാസം എട്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ജാമ്യം നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
പാലാരിവട്ടം പൊലീസ് എടുത്ത കേസിലാണ് ജിന്റോ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജിമ്മിൽ കയറി 10,000 രൂപ രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും സിസിടിവികൾ നശിപ്പിച്ചെന്നും കാട്ടി ജിമ്മിന്റെ നടത്തിപ്പുകാരിയായ യുവതി നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിങ് സെന്ററിൽ കയറി മോഷണം നടത്തി എന്നാണ് കേസ്. രാത്രിയിൽ ജിന്റോ ഇവിടെ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും യുവതി പൊലീസിനു സമർപ്പിച്ചിരുന്നു.
അതേ സമയം, ജിം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കരാർ പരിശോധിച്ച കോടതി ഹർജിക്കാരൻ എന്തെങ്കിലും രേഖകളോ വസ്തു വകകളോ മോഷ്ടിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നില്ലെന്ന് വ്യക്തമാക്കി. എന്നാൽ അത് അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. ജിമ്മിലെ ചെലവു കഴിച്ചുള്ള ലാഭത്തിന്റെ 60 ശതമാനം ജിന്റോയ്ക്കും 40 ശതമാനം നടത്തിപ്പുകാരിയായ യുവതിക്കും എന്നാണ് കരാറെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. മുൻപ് യുവതി നൽകിയ മറ്റൊരു പരാതിയിൽ പാലാരിവട്ടം പൊലീസ് എടുത്ത കേസിൽ ജിന്റോയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനു നാലു ദിവസങ്ങൾക്കു ശേഷമാണ് നിലവിലെ കുറ്റകൃത്യമുണ്ടാകുന്നത്.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്നതിന്റെ മാത്രം കാരണത്താൽ ഹർജിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന മുൻ വിധിന്യായങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വിജയി ആയിരുന്നു ബോഡി ബിൽഡിങ്ങ് രംഗത്ത് ശ്രദ്ധേയനായ ജിന്റോ.






