ഫോണിൽ ടിക്കറ്റ് നോക്കി ശരത് ഞെട്ടി; ഭാര്യയെ വിളിച്ച് ‘ഭാഗ്യനമ്പർ’ ഉറപ്പിച്ചു: ‘ആരോടും മിണ്ടാതെ വീട്ടിൽ പോയി രണ്ടും മൂന്നും തവണ നോക്കി’

Spread the love

കൊച്ചി ∙ ഓണം ബംപർ നറുക്കെടുത്ത ദിവസവും ശരത് എസ്.നായർ പതിവു പോലെ നെട്ടൂരിലുള്ള പെയിന്റ് സ്ഥാപനത്തിൽ ജോലിക്കു പോയിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞയുടൻ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയിൽ നോക്കിയ ശരത് ഞെട്ടി. പക്ഷേ ഒന്നും പുറത്തുകാണിച്ചില്ല. ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ് തന്റെ കയ്യിലുള്ളതു തന്നെയെന്ന് ഉറപ്പിച്ചു. പിന്നാലെ ആലപ്പുഴ തുറവൂരിലെ വീട്ടിലുള്ള ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കി നമ്പർ ഒന്നുകൂടി ഉറപ്പിക്കാൻ പറയുന്നു. അതോടെ, വീട്ടിൽ എത്തേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പെയിന്റ് സ്ഥാപനത്തിൽ നിന്ന് ഇറങ്ങി.

 

സമ്മാനം അടിച്ച കാര്യം ജോലി സ്ഥലത്തും ആരോടും പറഞ്ഞില്ല. വീട്ടിലെത്തിയ പാടേ ടിക്കറ്റെടുത്ത് വീണ്ടും പരിശോധന. സീരിയൽ നമ്പരും അക്കങ്ങളുമൊക്കെ വീണ്ടും പരിശോധിച്ച് ഉറപ്പാക്കൽ. പിന്നെ ഇളയ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഹാപ്പി. ഇന്ന് ഉച്ചയോടെ തുറവൂർ ആലയ്ക്കാപറമ്പ് എസ്ബിഐ ശാഖയിൽ ശരത് എസ്.നായരും അനുജൻ രഞ്ജിത്തും ചേർന്ന് സമ്മാനർഹമായ TH 577825 എന്ന ടിക്കറ്റ് ബാങ്ക് മാനേജർക്ക് കൈമാറി.

 

എസ്ബിഐ മണിയാത്യങ്കിൽ അക്കൗണ്ടുള്ള ശരത് എസ്.നായർ ബാങ്കിന്റെ ശാഖ തുറവൂരിലേക്ക് മാറ്റിയതോടെ തുറവൂരിലെ ബ്രാഞ്ചിൽ ടിക്കറ്റു സമർപ്പിക്കുകയായിരുന്നു. തൽക്കാലം ആരോടും പറയേണ്ടെന്ന് തീരുമാനിച്ചു. പിന്നെ ബംപറടിച്ച സന്തോഷ വാർത്ത പറയാൻ ആദ്യ വിളി മനോരമയിലേക്ക്. ‘‘ചെറിയ തുകയുടെ ലോട്ടറി ഒക്കെ എടുത്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ബംപർ എടുക്കുന്നത്. ഫോണിൽ ലോട്ടറിയുടെ ചിത്രമെടുത്തു വച്ചിരുന്നു. ബംപർ ഫലം വന്നപ്പോൾ ഫോണിൽ നോക്കി. വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് വീട്ടിൽ പോയും രണ്ടു മൂന്നു തവണ നോക്കി. സീരിയൽ നമ്പർ ഒക്കെ ഉള്ളതുകൊണ്ട് തെറ്റു വരാൻ പാടില്ലല്ലോ’’, ശരത് പറയുന്നു.

 

ലോട്ടറി അടിച്ച പണം കൊണ്ട് എന്തു ചെയ്യും എന്ന ചോദ്യത്തോട് വളരെ ലളിതമായി, എന്നാൽ പക്വതയോടെയുള്ള മറുപടി. ‘‘ആലോചിച്ചു ചെയ്യാം എന്നു തീരുമാനിക്കുന്നു. വീടുണ്ട്. അത് വച്ചതിന്റെ കുറച്ചു കടങ്ങൾ വീട്ടാനുണ്ട്’’, ശരത് പറയുന്നു. ബംപറടിച്ച കാര്യം ശരത് പറഞ്ഞിട്ടു പോകാത്തതിൽ ചെറിയ വിഷമമുണ്ടെങ്കിലും തങ്ങളുടെ സുഹൃത്തിന് ഇത്തരമൊരു ഭാഗ്യം ലഭിച്ചതിൽ സഹപ്രവർത്തകരും സന്തോഷത്തിലാണ്. 12 വർഷമായി നിപ്പോൺ പെയിന്റ്സ് എന്ന സ്ഥാപനത്തിൽ ശരത് ജോലി ചെയ്യുന്നു.

 

ടിക്കറ്റ് വിറ്റ ലോട്ടറി നെട്ടൂരിലെ ഏജന്റ് എം.ടി.ലതീഷിനെ പരിചയമില്ലെന്നും ശരത് പറയുന്നു. ജോലി ചെയ്യുന്നിടത്തേക്കു പോകുന്ന വഴി ടിക്കറ്റ് എടുക്കുകയായിരുന്നു. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷാണ് വിറ്റത്. ഇവയ്ക്ക് അഞ്ചു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്ന് ലതീഷ് എടുത്ത 800 ടിക്കറ്റിലൊന്ന് ശരത് എസ്.നായർക്ക് ഭാഗ്യം കൊണ്ടുവന്നത്.

 

ശരത് ലോട്ടറി എടുത്ത അതേ ഏജൻസിയിൽ നിന്നു ടിക്കറ്റെടുത്ത എരമല്ലൂരിലെ മത്സ്യ സംസ്‌കരണ ശാലയിൽ ജോലി നോക്കുന്ന സ്ത്രീക്കാണ് സമ്മാനം കിട്ടിയതെന്നാണ് ഏജൻസിയിൽ നിന്നാദ്യം ലഭിച്ച വിവരം. ഇതേ തുടർന്ന് ഇവർ ജോലി ചെയ്യുന്ന സ്‌ഥാപനത്തിനോട് ചേർന്നുള്ള ബാങ്കുകളിലായിരിക്കും ടിക്കറ്റ് സമർപ്പിക്കുമെന്ന് കരുതി രാവിലെ മുതൽ അരൂരിലുള്ള പ്രമുഖ ബാങ്കുകളിൽ മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. എന്നാൽ ഉച്ചയോടെ പലരും മടങ്ങാനിരിക്കെ അപ്രതീക്ഷിതമായ തുറവൂരിലെ ശാഖയിൽ ടിക്കറ്റുമായി ശരത് എസ്.നായരും സഹോദരനും എത്തുകയായിരുന്നു.

  • Related Posts

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    ഒൻപതു വയസുകാരിയോട് ലൈംഗികാതിക്രമം; 17കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്, സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

    Spread the love

    Spread the loveകൊച്ചി ∙ ഒൻപതു വയസുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ 17കാരനെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തെന്ന് പരാതി. 17കാരനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. എന്നാൽ പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് പിതാവിനെതിരെയുള്ള കേസെന്നും ആരോപിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *