നമ്പർപ്ലേറ്റില്ലാതെ സർവീസ് നടത്തിയ കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് രജിസ്‌ട്രേഷനും പെർമിറ്റും ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കണ്ടെത്തി.
ചട്ടം ലംഘിച്ച് സർവീസ് നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ ഏഴ് കോൺട്രാക്ട് കാര്യേജ് ബസുകളുടെ സർവീസ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നിർത്തിവെപ്പിച്ചിരുന്നു.
കരാറടിസ്ഥാനത്തിൽ റിഫൈനറിയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസുകളായിരുന്നു ഇത്. ഇൗ ബസുകളുടെ മുഴുവൻ രേഖകളും വെള്ളിയാഴ്ച രാവിലെ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ചട്ടലംഘനം ബോധ്യമായത്. തുടർന്ന് ബസുടമകൾക്ക് പിഴ ചുമത്തി.
രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സർവീസ് പുനരാരംഭിക്കാൻ അനുവദിക്കൂ എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഏഴ് ബസുകൾ ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നത് കണ്ടെത്തിയത്.






