ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീൽഡ്, വൈറ്റ്റോസ് ലേഔട്ടിലെ സ്വകാര്യ പിജിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്വകാര്യബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതിയും ഒരേ പിജിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി തന്റെ മുറിയുടെ മുന്നിലെത്തി കോളിങ് ബെല്ലടിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. സുഹൃത്താണെന്ന് കരുതിയാണ് യുവതി വാതിൽ തുറന്നത്. എന്നാൽ, വാതിൽ തുറന്നയുടൻ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അകത്തുകയറി വാതിലടയ്ക്കുകയുമായിരുന്നു. പിന്നാലെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഇതോടെ യുവതി നിലത്തുവീണു. പ്രതി യുവതിയെ വിവസ്ത്രയാക്കി മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തി. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. യുവതി ഇതിന് വിസമ്മതിച്ചതോടെ കൊല്ലുമെന്നും അതിനുശേഷം താൻ ജീവനൊടുക്കുമെന്നും പ്രതി ഭീഷണിമുഴക്കി. ഇയാൾ 70,000 രൂപ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്രയും പണം കൈയിൽ ഇല്ലെന്നും അടുത്തദിവസം സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങി നൽകാമെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, പ്രതി ബലമായി യുവതിയുടെ ഫോൺ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 14,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയുംചെയ്തു. സംഭവം ആരോടും പറയരുതെന്നും പുറത്ത് പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പ്രതി മുറിയിൽനിന്ന് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തിനെ വിളിച്ചാണ് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്ന് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
അതേസമയം, യുവതിക്കെതിരേയും പിജി നടത്തിപ്പുകാർക്കെതിരേയും പ്രതിയായ സായ് ബാബുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ രണ്ടുമാസമായി അടുപ്പത്തിലാണെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്. സംഭവദിവസം യുവതിയുമായി വഴക്കുണ്ടായി താൻ പുറത്ത് പോയി. രാത്രി പത്തരയോടെയാണ് പിജിയിൽ തിരിച്ചെത്തിയത്. എന്നാൽ, പിജി നടത്തിപ്പുകാരായ ശിവ, പ്രദീപ് എന്നിവരും മറ്റുമൂന്നുപേരും ചേർന്ന് തന്നെ മർദിച്ചു. കൈയിലും കാലിലും മുഖത്തും പരിക്കേറ്റു. മർദനമേറ്റ് താൻ ബോധരഹിതനായി. പിറ്റേദിവസം രാവിലെ പിജിയിലെ മറ്റുതാമസക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽപോയതെന്നും തുടർന്ന് പോലീസിൽ വിവരമറിയിച്ചെന്നുമാണ് യുവാവിന്റെ പരാതിയിലുള്ളത്.
യുവതിയുടെ പരാതിയിലാണ് സായ് ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സായ് ബാബുവിനെ മർദിച്ചെന്ന പരാതിയിൽ അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തിൽ യുവതിയും സായ്ബാബുവും സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.








