‘ഒരു ദയയും ഉണ്ടാകില്ല, അമിത വേഗത്തിന് തല്ല് ഉറപ്പ്’: ഫലംകണ്ട് മുന്നറിയിപ്പ്

Spread the love

കൊച്ചി∙ കോടികൾ ചെലവിട്ട് റോഡ് നന്നാക്കി. കണ്ണാടി പോലെ തിളങ്ങുന്ന റോ‍ഡും കണ്ണുമടച്ചുള്ള വണ്ടിയോടിക്കലും ചേർന്നതോടെ റോഡിൽ ദിവസവും അപകടങ്ങൾ. കാത്തിരുന്ന് പണിതീർത്ത റോഡിൽ ദിവസവും ചോരവീണു തുടങ്ങിയതോടെ നാട്ടുകാർ തീരുമാനിച്ചു: ഇതു നോക്കിനിന്നാൽ പോരാ, ഇടപെടണം. നാട്ടുകാർ ചേർന്ന് റോഡിൽ ഒരു മുന്നറിയിപ്പു ബോർഡ് വച്ചു, അത് ഇങ്ങനെയാണ്: ‘‘ശ്രദ്ധിക്കുക, അമിതവേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ നാട്ടുകാരുടെ തല്ല് ഉറപ്പ്. ഒരു ദയയും ഉണ്ടാകില്ല’’.

 

എറണാകുളം ജില്ലയിലെ ദേശം–വള്ളക്കടവ് റോഡിലാണ് സംഭവം. അപകടം ഒഴിവാക്കാൻ ബോർഡ് വയ്ക്കുക മാത്രല്ല നാട്ടുകാർ ചെയ്തത്, അപകടം സംഭവിച്ചാൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസും വാങ്ങി. പിരിവെടുത്ത് 9 ലക്ഷം രൂപയുണ്ടാക്കിയാണ് നാടിന് സ്വന്തമായി ആംബുലൻസ് വാങ്ങിയത്. അപകടം തടയാൻ മുന്നറിയിപ്പു ബോർഡും ആംബുലൻസും ആയതോടെ നാട്ടുകാർക്ക് അൽപം സമാധാനമുണ്ട്.

 

ഏറെക്കാലമായി തകർന്നുകിടക്കുകയായിരുന്ന 14.1 കിലോമീറ്റർ ദൂരമുള്ള ദേശം–വള്ളക്കടവ് റോഡ് 17 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ വർഷം നവീകരിച്ചത്. റോഡ് മോശം അവസ്ഥയിലായിരുന്നപ്പോൾ അപകടങ്ങൾ കുറവായിരുന്നുവെന്നു വാർഡ് അംഗം ഗ്രേസി ദയാനന്ദൻ പറയുന്നു. ‘അമിതവേഗത്തിലാണ് വണ്ടികൾ പോകുന്നത്. പലരും ലഹരിമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിലാണ്. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു ബോർഡ് വയ്ക്കുകയല്ലാതെ ഞങ്ങൾക്കു മറ്റു വഴിയുണ്ടായില്ല’ –അവർ പറഞ്ഞു.

 

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് ജനങ്ങളിൽനിന്ന് സംഭാവന പിരിച്ച് ആംബുലൻസ് വാങ്ങിയത്. ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ ബൈക്കിടിച്ച് പരുക്കേറ്റ 59 വയസ്സുകാരനെ ആശുപത്രിയിലെത്തിച്ചതാണ് ആംബുലൻസിന്റെ ആദ്യ സർവീസ്. മൂന്നു വിദ്യാർഥികൾ അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്കാണ് സേവ്യറെ ഇട‌ിച്ചു വീഴ്ത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

 

മുന്നറിയിപ്പു ബോർഡുകൾ ഫലംചെയ്യുന്നുണ്ടെന്ന് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ജി.നിഷാദ് പറയുന്നു. പ്രത്യേകിച്ചും യുവാക്കളായ ബൈക്ക് യാത്രികർ വേഗം കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട് –അദ്ദേഹം പറഞ്ഞു. റോഡിൽ ആവശ്യത്തിന് സൂചനാബോർഡുകൾ ഇല്ലെന്നും നിഷാദ് ചൂണ്ടിക്കാട്ടി.

 

ബിഎംബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ ആവശ്യത്തിനു മുന്നറിയിപ്പു ബോർഡുകളുണ്ടെന്നാണ് പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം അവകാശപ്പെടുന്നത്. വളവുകൾ നിവർത്തൽ പദ്ധതിയുടെ ഭാഗമല്ലെന്നും ഇവർ പറയുന്നു. എന്നാൽ, ആവശ്യത്തിനു സ്പീഡ് ബ്രേക്കറുകളോ ക്യാമറകളോ വളവു നിവർത്താനുള്ള പദ്ധതികളോ ഇല്ലെങ്കിൽ റോഡിൽ അപകടങ്ങൾ തുടർ‌ക്കഥയാകുമെന്നു നാട്ടുകാർ പറയുന്നു.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *