ഗുണ്ടൽപേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇത്തരത്തിലൊരു കടുംകൈക്ക് മുതിർന്നത്. ചൊവ്വാഴ്ച, ചമരജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം.
ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. ഇവയെ പിടികൂടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്ന് ഇവർ ആരോപിക്കുന്നു. ഒരു കൂട് സ്ഥാപിച്ചതല്ലാതെ പ്രശ്നം പരിഹരിക്കാൻ മറ്റ് നടപടികളൊന്നും വനംവകുപ്പ് സ്വീകരിച്ചില്ലെന്നും അവർ പറയുന്നു.
മൂന്ന് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തിൽ ഇവിടെ ഒരു പശുക്കിടാവ് ചത്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. സ്ഥലത്തെ സ്ഥിതിവിവരങ്ങൾ പരിശോധിക്കാനായി ചൊവ്വാഴ്ച ബൊമ്മലാപുരയിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് കർഷകർ കടുവയെ കുടുക്കാൻ വെച്ച കൂട്ടിൽ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് അവരെ കൂട്ടിലിട്ട് പൂട്ടിയതെന്ന് കർഷകർ പറഞ്ഞു.
വിവരമറിഞ്ഞ് ഗുണ്ടൽപേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാറും സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തി. മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. അതിനുശേഷമാണ് കർഷകർ ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ തയ്യാറായത്.
കടുവയെ പിടികൂടാൻ ഇനിയും വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ, വകുപ്പിന്റെ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് കർഷക സംഘടനയായ റൈത്ത സംഘ നേതാവ് ഹൊന്നൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.







