മൂന്നരപ്പവനും ‘തങ്കലിപി’യിലുള്ളൊരു കത്തും; ഖദീജയെ തേടിയെത്തിയത്21 വർഷങ്ങൾക്ക് ശേഷം

Spread the love

എഴുത്തുകിട്ടി, ഒപ്പം 21 വർഷം മുൻപു നഷ്ടപ്പെട്ട മൂന്നരപ്പവൻ സ്വർണവും !. താങ്കളുടെ നഷ്ടപ്പെട്ട സ്വർണം എനിക്കു ലഭിച്ചിരുന്നുവെന്നും സാമ്പത്തിക പ്രയാസം കാരണം അന്ന് അത് ഉപയോഗിക്കേണ്ടിവന്നുവെന്നും ഇപ്പോൾ അതിനു പകരമായി നൽകുന്ന മാല സന്തോഷത്തോടെ ഏറ്റെടുക്കണമെന്നും മാപ്പുനൽകണമെന്നും പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

 

തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്താണു സംഭവം. പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ (65) മൂന്നരപ്പവന്റെ മാല 21 വർഷം മുൻപു യാത്രയ്ക്കിടെ നഷ്ടപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ മറ്റൊരു മാലയുടെ രൂപത്തിൽ തിരികെലഭിച്ചിരിക്കുന്നത്.

 

സംഭവം ഇങ്ങനെ: കഴിഞ്ഞദിവസം പൈലിപ്പുറത്തെ പലചരക്കു കടയിൽ നിന്നു ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ഒരു ഫോൺവിളി. കടയിൽ ഒരു കുറിയർ ഏൽപ്പിക്കുന്നുണ്ടെന്നും അതു കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം. ഓൺലൈനിൽ മക്കൾ ഓർഡർ ചെയ്ത സാധനമായിരിക്കുമെന്നു കരുതി ഇബ്രാഹിം കടയിൽ എത്തി കവർ കൈപ്പറ്റി. വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഒരു കത്തും അതിനകത്തു പൊതിഞ്ഞ നിലയിൽ സ്വർണാഭരണവും കിട്ടി.

 

‘വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് കിട്ടിയിരുന്നു. എന്റെ പ്രത്യേക സാഹചര്യത്തിൽ അതു ഞാൻ ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്നു ഞാൻ അതിന്റെ പേരിൽ വല്ലാത്ത ദുഃഖിതനാണ്. ആയതിനാൽ ഈ എഴുത്തിനോടു കൂടെ അതിനോടു സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും എനിക്ക് പൊരുത്തപ്പെട്ടു തരുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ…’ എന്നായിരുന്നു വിലാസമില്ലാത്ത ആ കത്തിലുണ്ടായിരുന്നത്. ലഭിച്ച ആഭരണം പരിശോധിച്ചപ്പോൾ സ്വർണം തന്നെ. 21 വർഷം മുൻപു കളഞ്ഞുപോയ സ്വർണം തിരിച്ചുകിട്ടിയ സന്തോഷം വീട്ടിലെത്തി പറഞ്ഞപ്പോൾ ബന്ധുക്കൾ ആദ്യം വിശ്വസിച്ചില്ല.

 

21 വർഷം മുൻപു ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയിരുന്നു. ഈ യാത്രയ്ക്കിടെയാണു മാല നഷ്ടപ്പെടുന്നത്. യാത്രചെയ്ത സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അന്നു ഖദീജയുടെ ഭർത്താവിനെ ഒരാഴ്ചയ്ക്കു ശേഷമാണു വിവരം അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

 

വിദേശത്തായിരുന്ന മറ്റൊരു മകൻ പകരം ആഭരണം വാങ്ങിനൽകിയിരുന്നു. അഞ്ചുവർഷം മുൻപു ഖദീജയുടെ ഭർത്താവ് മരിച്ചു. നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് ഓർമകൾ മാത്രമായിരിക്കെയാണ് അവിചാരിതമായി സ്വർണം ലഭിച്ചത്. അതേസമയം, സ്വർണം തിരിച്ചേൽപിച്ച വ്യക്തി ആരാണെന്നോ എവിടെനിന്നാണെന്നോ അന്വേഷിക്കാൻ താൽപര്യമില്ലെന്ന് ഇബ്രാഹിം പറഞ്ഞു.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *