മുംബൈ: ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
വാട്‌സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. നഗരത്തിലുടനീളം പൊലീസിന്റെ സുരക്ഷാ വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുര്‍ത്ഥി ആഘോഷത്തിനായി തയ്യാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് വാട്‌സ്ആപ്പ് ഹെല്‍പ്പ്‌ലൈനില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
14 പാകിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സ്‌ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








