ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിലെ ക്ഷേത്ര ജീവനക്കാരനെ പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ അടിച്ചുകൊന്നു. കൽക്കാജി ക്ഷേത്രത്തിൽ 15 വർഷമായി ജോലി ചെയ്യുന്ന യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) കൊല്ലപ്പെട്ടത്.
പ്രസാദത്തിനായി എത്തിയ പതിനഞ്ച് പേരടങ്ങുന്ന സംഘത്തോട് അൽപനേരം കാത്തിരിക്കാൻ യോഗേന്ദ്രസിങ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഘത്തിലെ ചിലർ ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ച് യോഗേന്ദ്രയെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ സംഘം എല്ലാവരോടും മോശമായാണ് പെരുമാറിയതെന്നു മറ്റൊരു ജീവനക്കാരനായ രാജു പറഞ്ഞു. സംഘത്തിലുള്ള യുവാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






