അലവിലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്നു നിഗമനം. അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരെ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച അർധരാത്രിയോ വ്യാഴാഴ്ച പുലർച്ചെയോ കൃത്യം നടന്നതായാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത്. ശ്രീലേഖയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പ്രേമരാജൻ സ്വന്തം ദേഹത്തും ശ്രീലേഖയുടെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പൊള്ളലേറ്റതു ശ്രീലേഖയുടെ ദേഹത്താണ്. ഇവർക്ക് സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. അതിനാൽ മരണ കാരണവും അവ്യക്തമാണ്.
ഇന്നലെ വൈകിട്ട് ഡ്രൈവർ സരോഷ് വീട്ടിലെത്തി കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾക്കൊപ്പം വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെയാണ് ഇവരുടെ മകൻ ഷിബിൻ വിദേശത്തുനിന്നു നാട്ടിലെത്തിയത്. ഷിബിനെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയതാണ് സരോഷ്. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. കിടക്കയിൽ ചുറ്റിക കണ്ടെത്തിയിരുന്നു. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ടായിരുന്നു. പുറത്തുനിന്നുള്ള ആരുടെയും സാന്നിധ്യത്തെക്കുറിച്ചു സൂചനയില്ല. രണ്ടാൾക്കും പൊള്ളലേറ്റിട്ടുണ്ടങ്കിലും ചുറ്റിക കണ്ടെത്തിയതാണു കൊലപാതകമാണോ എന്ന സംശയത്തിനു കാരണമായത്.
ഓസ്ട്രേലിയയിലുള്ള പ്രബിത്താണ് മറ്റൊരു മകൻ. മക്കൾ വിദേശത്തായതിനാൽ ഇവർ രണ്ടുപേരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ പകൽ മുഴുവൻ ഇവരെ വീടിനു പുറത്തു കണ്ടിരുന്നില്ലെന്നു പരിസരവാസികൾ പറയുന്നു. നേരത്തേ, കണ്ണൂരിലെ സാവോയ് ഹോട്ടലിൽ മാനേജരായിരുന്നു പ്രേമരാജൻ. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് ശ്രീലേഖ.






