നോയിഡ∙ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിക്കി ഭാട്ടി എന്ന യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ഇവരുടെ ഏഴുവയസ്സുകാരനായ മകൻ. ‘അവര്‍ അമ്മയെ കത്തിച്ചത് ഞാൻ കണ്ടതാണ്’ എന്നു പറഞ്ഞ് എല്ലാ വൈകുന്നേരവും കൊച്ചുമകൻ നിര്‍ത്താതെ കരച്ചിലാണെന്ന് നിക്കിയുടെ പിതാവ് ഭികാരി സിങ് പൈല പറയുന്നു. ‘‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്താണ് ഇനി ബാക്കിയുള്ളത്. നിക്കിയുടെ കുഞ്ഞ് അവന്റെ അമ്മയെ ഓർത്ത് ദിവസവും കരച്ചിലാണ്’’ – അദ്ദേഹം പറഞ്ഞു.
36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതകം നടന്നത്. കേസിൽ നിക്കിയുടെ ഭർത്താവ് വിപിൻ, വിപിന്റെ അമ്മ ദയ, ഭർതൃസഹോദരൻ രോഹിത്, ഭർതൃപിതാവ് സത്യവീർ എന്നിവർ അറസ്റ്റിലായിരുന്നു. സ്ത്രീധന തർക്കത്തിനിടെ ഓഗസ്റ്റ് 21ന് ഭർത്താവും ബന്ധുക്കളും നിക്കിയെ ക്രൂരമായി മർദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാർലർ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും ഭർത്താവിനെയും വീട്ടുകാരെയും പ്രകോപിപ്പിച്ചിരുന്നു.
സംഭവങ്ങൾക്ക് ദൃക്സാക്ഷിയാണ് നിക്കിയുടെ ഏഴുവയസ്സുകാരനായ മകൻ. അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചെന്നും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയെന്നും കുട്ടി പറഞ്ഞിരുന്നു. അവർ എന്റെ അമ്മയെ കത്തിച്ചെന്നു പറഞ്ഞ് വൈകുന്നേരമാകുമ്പോൾ കുട്ടി നിർത്താതെ കരയുകയാണെന്നും മുത്തച്ഛൻ പറഞ്ഞു.
നിക്കിയെ കണ്മുന്നിൽ വച്ച് കുടുംബം കത്തിച്ചെന്ന് എന്റെ മൂത്ത മകൾ കാഞ്ചൻ വിളിച്ച് പറഞ്ഞപ്പോൾത്തന്നെ ഞങ്ങൾ ആശുപത്രിയിലെത്തിയിരുന്നു. അവൾക്ക് 70% പൊള്ളലേറ്റിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു, എനിക്ക് മകളെ നഷ്ടപ്പെട്ടു, ഇനി എന്താണ് ബാക്കി?’’ – നിക്കിയുടെ പിതാവ് പറഞ്ഞു. നിക്കിയുടെ സഹോദരിയായ കാഞ്ചൻ വിപിന്റെ സഹോദരൻ രോഹിത്തിന്റെ ഭാര്യയാണ്.
ഭാര്യയെ കൊന്നതിൽ വിപിന് ഒട്ടും കുറ്റബോധമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച വിപിനെ പൊലീസ് കാലിനു വെടിവച്ചു വീഴ്ത്തി പിടികൂടിയിരുന്നു.







