പാലക്കാട് ∙ മുതലമടയിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ മുറിയിൽ അടച്ചിട്ടു മർദിച്ചു. ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മർദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയിൽ വച്ച് മർദനം ഏൽക്കേണ്ടി വന്നത്. ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മുൻ പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി. സംഭവം സ്ഥിരീകരിച്ചു പൊലീസിനെ വിവരം അറിയിച്ചതോടെ കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി വെള്ളയാനെ മോചിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായ വെള്ളയാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






