
കോഴിക്കോട് മൂഴിക്കൽ സ്വദേശികളായ വയോധിക സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ശ്രീജ, പുഷ്പലളിത എന്നീ സഹോദരിമാരുടെ മരണം കഴുത്ത് ഞെരിച്ചാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിനുശേഷം കാണാതായ ഇളയസഹോദരൻ പ്രമോദിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ശ്രീജയെയും പുഷ്പലളിതയെയുമാണ് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാർ മരിച്ചെന്ന് ഇളയസഹോദരൻ പ്രമോദാണ് ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചത്.
തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ട് മുറികളിലായി കട്ടിലിൽ പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ, മരണവിവരം അറിയിച്ച പ്രമോദ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പ്രമോദാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.