
നാടിനെ നടുക്കി കര്‍ണാടകയില്‍ ക്രൂര കൊലപാതകം. തുംകുരു താലൂക്കിലെ ബെല്ലാവി നിവാസിയായ നാല്‍പ്പത്തിരണ്ടുകാരിയായ ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 4 മുതൽ ലക്ഷ്മിദേവമ്മയെ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു. പിന്നാലെയാണ് അരുംകൊല പുറംലോകം അറിഞ്ഞത്. ലക്ഷ്മിദേവമ്മയുടെ ശരീരഭാഗങ്ങള്‍ ഗ്രാമത്തിലെ പത്തിടങ്ങളില്‍ നിന്നാണ് കണ്ടെടുത്തത്. കൈകളില്‍ ഒന്ന് തെരുവുനായ കടിച്ചുകൊണ്ടുപോയിരുന്നു. സംഭവം ഗ്രാമത്തിലെ നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം ആരാണ് ഈ കൊലപാതക്കിന് പിന്നിലെന്നോ എന്തായിരുന്നു പ്രകോപനമെന്നോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഓഗസ്റ്റ് ഏഴിന് ഗ്രാമത്തിലൂടെ മനുഷ്യന്‍റെ വെട്ടിമാറ്റിയ കൈയ്യുമായി ഒരു നായ ഓടിപ്പോകുന്നത് ഗ്രാമീണര്‍ കണ്ടതോടെയാണ് നടുക്കുന്ന കൊലപാതകം പുറംലോകമറിയുന്നത്. ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നായ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കൈ കടിച്ചുകൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരുകിലോമീറ്റര്‍ അകലെയായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ മറ്റൊരു കൈകൂടി കണ്ടെത്തി. പിന്നാലെ ഒരു സ്ത്രീയുടെ തലയടക്കം ശരീരഭാഗങ്ങള്‍ പത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലിംഗപുര റോഡ് പാലത്തിന് സമീപം മനുഷ്യന്‍റെ കുടലിന്റെ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബെൻഡോൺ നഴ്സറിക്ക് സമീപത്ത് നിന്ന് ആമാശയവും മറ്റ് ആന്തരിക അവയവങ്ങളും കണ്ടെത്തി. ജോണിഗരഹള്ളിക്ക് സമീപം രക്തം പുരണ്ട ഒരു ബാഗും കണ്ടെത്തുകയായിരുന്നു. സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തുന്നത്. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 10 സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങള്‍ ഓരോന്നായി കണ്ടെടുക്കുകയുണ്ടായത്.
കൊല്ലപ്പെട്ടയാളുടെ കൈകളിലും മുഖത്തും പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുംകുരു താലൂക്കിലെ ബെല്ലാവി നിവാസിയായ ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു. ഓഗസ്റ്റ് 4 മുതൽ ലക്ഷ്മിദേവമ്മയെ കാണാനില്ലെന്ന് ഭർത്താവ് ബസവരാജു ബെല്ലാവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 3 ന് മകളെ കാണാൻ ലക്ഷ്മിദേവമ്മ ഉർഡിഗെരെയിലേക്ക് പോയതായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. ലക്ഷ്മിദേവമ്മയെ കൊലപ്പെടുത്തി, പിടിക്കപ്പെടാതിരിക്കാനായി ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.