
സമീപകാലത്ത് വിപ്ലവകരമായ പുരോഗതി കൈവരിച്ച വൈദ്യശാസ്ത്ര ശാഖയാണ് യൂറോളജി. അക്കൂട്ടത്തിൽ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ, പ്രത്യേകിച്ച് ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ഒരു ഗെയിംചേഞ്ചറായി മാറിയിരിക്കുകയാണ്. റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ ചെയ്തു തുടങ്ങിയ ആദ്യത്തെ സ്പെഷ്യാലിറ്റികളിൽ ഒന്നാണ് യൂറോളജി. ഇന്ന്, യുഎസിലെ റാഡിക്കൽ പ്രോസ്റ്റക്ടമികളിൽ 85% – ത്തിലധികവും റോബോട്ടിക് രീതിയിലാണ് നടത്തുന്നത്.
എന്താണ് റോബോട്ടിക് സർജറി?
റോബോട്ടിക് സർജറിയിൽ കംപ്യൂട്ടർ സഹായത്തോടെയുള്ള ശസ്ത്രക്രിയാസംവിധാനം ഉപയോഗിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇത് കൂടുതൽ കൃത്യതയോടെയും വഴക്കത്തോടെയും നിയന്ത്രണത്തോടെയും സങ്കീർണമായ പ്രൊസീജിയറുകൾ ചെയ്യാൻ വിദഗ്ധരായ സർജൻമാരെ സഹായിക്കുന്നു. പേര് കേൾക്കുമ്പോൾ റോബോട്ടാണ് ശസ്ത്രക്രിയ ചെയ്യുന്നത് എന്ന് തോന്നാമെങ്കിലും സർജനാണ് റോബോട്ടിക് ശസ്ത്രക്രിയ ചെയ്യുന്നത്. സർജന്റെ നിയന്ത്രണത്തിലാണ് റോബോട്ട് പ്രവർത്തിക്കുന്നത്. മനുഷ്യ ശരീരത്തിൽ രോഗമുള്ള ഭാഗത്ത് എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നത് സർജനാണ്. സർജൻ കമാൻഡ് കൊടുത്തില്ലെങ്കിൽ റോബോട്ടിന് അനങ്ങാൻ പോലും കഴിയില്ല.
‘ഇന്റ്യൂട്ടീവ് സർജിക്കൽ’ വികസിപ്പിച്ചെടുത്ത ഡാവിഞ്ചി സിസ്റ്റം ലോകത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന റോബോട്ടിക് പ്ലാറ്റ്ഫോമാണ്. ഡാവിഞ്ചി സർജിക്കൽ സിസ്റ്റത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. സർജൻ കൺസോൾ, പേഷ്യന്റ് – സൈസ് കാർട്ട്, വിഷൻ കാർട്ട് എന്നിവയാണ് അവ. സർജൻ കൺസോളിൽ ഇരുന്നാണ് സർജൻ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം പതിന്മടങ്ങ് വലിപ്പത്തിൽ കണ്ട്, റോബോട്ടിന്റെ കൈകളെ നിയന്ത്രിച്ച് സർജറി ചെയ്യുന്നു. പേഷ്യൻ – സൈഡ് കാർട്ടിലാണ് റോബോട്ടിക് കൈകളും സർജിക്കൽ ഉപകരണങ്ങളും എൻഡോസ്കോപ്പും ഉള്ളത്. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ 3D വ്യൂ നൽകുന്നത് വിഷൻ കാർട്ടാണ്. റോബോട്ടിന്റെ കൈകൾക്ക് മനുഷ്യരുടെ കൈകളേക്കാൾ ഏഴ് ഡിഗ്രി ചലനശേഷിയുണ്ട്. മനുഷ്യരുടെ കൈകൾ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും മാത്രം ചലിക്കുമ്പോൾ ഏഴ് ഡിഗ്രി ചലനശേഷിയുള്ള മൂന്ന് -നാല് കൈകൾ ഉപയോഗിച്ച് റോബോട്ടിന് ആന്തരീകാവയവങ്ങളുടെ ഏത് ഭാഗത്തും ഏത് വശത്തും എത്താനും, സങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യാനും കഴിയും. ശരീരത്തിൽ വളരെ ചെറിയ സുഷിരമുണ്ടാക്കി അതിലൂടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇന്റർനെറ്റുമായി ബന്ധിതമായതിനാൽ ഒരു സർജന് കേരളത്തിലിരുന്ന് അന്യസംസ്ഥാനങ്ങളിലും, ഇന്ത്യയിലിരുന്ന് വിദേശത്തുമുള്ള രോഗികളിൽ ശസ്ത്രക്രിയ നടത്താൻ മാത്രം ഈ ശാഖ വളർന്നിരിക്കുന്നു.
അവയവങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ശസ്ത്രക്രിയകൾ റോബോട്ടിക് സംവിധാനത്തിലൂടെ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യാൻ കഴിയും. രോഗം ബാധിച്ച ഭാഗത്തിന്റെ ഹൈഡെഫനിഷൻ 3D വിഷനാണ് സർജൻ കാണുന്നത്, അതും പതിന്മടങ്ങ് വലുപ്പത്തിൽ. അതുകൊണ്ട് അതിനു ചുറ്റുമുള്ള രക്തക്കുഴലുകളും മറ്റും കൂടുതൽ വ്യക്തമായി കാണാൻ കഴിയും. രക്തക്കുഴലുകൾക്ക് യാതൊരു കേടുപാടുകളും വരാതെ, അവ മുറിയാതെ ശസ്ത്രക്രിയ ചെയ്യാൻ കഴിയും. രക്തക്കുഴലുകൾക്ക് പരിക്ക് സംഭവിക്കാത്തതിനാൽ രക്തം നഷ്ടപ്പെടാനുള്ള സാധ്യത കുറവായിരിക്കും. അതിനാൽ രോഗിക്ക് രക്തം നൽകേണ്ടിവരുന്നതിനുള്ള സാധ്യതകളും കുറയുന്നു.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് കാൻസർ നീക്കം ചെയ്യാനുള്ള സർജറി ചെയ്യുകയാണെന്ന് കരുതുക. ശരീരത്തിന്റെ താഴ്ഭാഗത്ത് മറ്റ് അവയവങ്ങളുടെ അടുത്തായി സ്ഥിതിചെയ്യുന്ന പ്രോസ്റ്റേസ്റ്റിന്റെ എല്ലാ ഭാഗത്തും റോബോട്ടിന്റെ കൈകൾക്ക് എത്താൻ കഴിയും. കാൻസർ ബാധിച്ച ഭാഗം പത്തിരിട്ടി വലിപ്പത്തിൽ കാണാൻ കഴിയും. അതിനാൽ അവ പൂർണമായും നീക്കാൻ കഴിയും. അതുകൊണ്ടുതന്നെ കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയ തുടർ ചികിത്സകൾക്കുള്ള സാധ്യതകളും കുറവാണ്. (ശരീരത്തിനുള്ളിൽ സങ്കീർണമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അവയവങ്ങളിലെ കാൻസർ ഓപ്പൺ സർജറിയിലൂടെയോ ലാപ്പറോസ്കോപ്പിക് സർജറിയിലൂടെയോ നീക്കം ചെയ്യുമ്പോൾ കാൻസർ പിടിപെട്ട ഭാഗങ്ങൾ പൂർണമായി നീക്കം ചെയ്യാൻ കഴിയാതെ വരാം. അത്തരം സാഹചര്യത്തിൽ തുടർ ചികിത്സ ആവശ്യമാണ്).
റോബോട്ടിക് ശസ്ത്രക്രിയ നിലവിൽ വരുന്നതിന് മുമ്പ് വൃക്കയിൽ ട്യൂമർ ബാധിച്ചാൽ വൃക്ക നീക്കം ചെയ്യേണ്ടിവരുമായിരുന്നു. ഇപ്പോൾ റോബോട്ടിക് സർജറിയിലൂടെ ട്യൂമർ മാത്രം നീക്കം ചെയ്യാനും വൃക്ക നിലനിർത്താനും സാധിക്കുന്നു. മൂത്രസഞ്ചിയിലെയും വൃക്കയിലെയും വൃഷണത്തിലെയും മറ്റും വരുന്ന കാൻസറുകൾ, അഡ്രീനൽ ഗ്രന്ഥിയിലെ മുഴ, ലിംഫ്നോഡുകൾ തുടങ്ങിയവയെല്ലാം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കാം. കുട്ടികളിൽ ജന്മനാ വൃഷണങ്ങളുടെ സ്ഥാനം തെറ്റിയിരിക്കുന്ന അവസ്ഥയും മൂത്രം തിരികെ കയറുന്ന അവസ്ഥയും, സ്ത്രീകളിൽ മൂത്രസഞ്ചി താഴേക്ക് ഇറങ്ങി വരുന്ന അവസ്ഥയും എല്ലാം ഇതിലൂടെ പരിഹരിക്കാം. ചുരുക്കത്തിൽ ഓപ്പൺ സർജറിയിലൂടെയും ലാപ്പറോസ്കോപ്പിക് സർജറിയിലൂടെയും പരിഹരിക്കാവുന്ന എല്ലാ രോഗാവസ്ഥകളും കൃത്യതയോടെ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.
സർജറിക്കായി ഉണ്ടാക്കുന്നത് തീരെ ചെറിയ സുഷിരമായതിനാൽ വേദന കുറവായിക്കും. മുറിവ് ചെറുതായതിനാൽ അത് വേഗം ഉണങ്ങും. അണുബാധയും ഹെർണിയയും ഉണ്ടാകാനുളള സാധ്യത റോബോട്ടിക ശസ്ത്രക്രിയ ചെയ്യുന്നവരിൽ കുറവായിരിക്കും. രോഗി കൂടുതൽ വേഗം സുഖം പ്രാപിക്കുന്നതിലാൽ ആശുപത്രിയിൽ നിന്ന് പെട്ടെന്ന് ഡിസ്ചാർജാകും, വളരെ വേഗം സാധാരണ ജീവിതം നയിക്കാനും ജോലിക്ക് പോകാനും സാധിക്കും. മിക്ക രോഗികളും 24 – 48 മണിക്കൂറിനുള്ളിൽ രോഗികൾ ഡിസ്ചാർജ് ചെയ്യപ്പെടാറുണ്ട്. മൂന്ന് ദിവസത്തിനു ശേഷം ജോലിക്ക് പോകാനും സാധിക്കും. റോബോട്ടിക് ശസ്ത്രക്രിയ ചെയ്തവരിൽ പാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അഡ്വാൻസ്ഡ് റോബോട്ടിക് & ലേസർ യൂറോളജി ഡിപ്പാർട്ട്മെന്റ് ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് കൃത്യതയോടെ ശസ്ത്രക്രിയകൾ ചെയ്ത് മികച്ച ആരോഗ്യപരിപാലനം ഉറപ്പാക്കുന്നു. അന്താരാഷ്ട്രതലത്തിൽ പരിശീലനം ലഭിച്ച റോബോട്ടിക് സർജന്മാരും മികച്ച പാരാ മെഡിക്കൽ ടീമും നൂതന ഇമേജിങ്, സർജിക്കൽ ഉപകരണങ്ങളുമുള്ള ഈ വിഭാഗം റോബോട്ടിക് ശസ്ത്രക്രിയകളിലൂടെ ആതുരശുശ്രൂഷാ രംഗത്ത് പുതിയ മാനം തീർക്കുകയാണ്. സീനിയർ കൺസൾട്ടന്റും പ്രശസ്ത റീനൽ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. കൃഷ്ണ മോഹൻ രാമസ്വാമി, സീനിയർ കൺസൾട്ടന്റ് ഡോ. ഹരിഗോവിന്ദൻ പി, കൺസൾട്ടന്റ് പങ്കജ് എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്
ഫോൺ – 90611 12666 (9 am – 6 pm)