
കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സർക്കാർ ഹൈക്കോടതിയിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി. നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരായ അപ്പീലിലെ അന്തിമ തീരുമാനത്തിനു വിധേയമായാണു തുക പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് അനുമതി നൽകിയിരിക്കുന്നത്.
7 ലക്ഷം രൂപ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകണം എന്നായിരുന്നു കമ്മീഷൻ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ, തുക ഹൈക്കോടതി റജിസ്‌ട്രിയിൽ കെട്ടിവെക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നു സർക്കാർ കെട്ടിവച്ച തുക പിൻവലിക്കാനാണ് ഡിവിഷൻ ബെഞ്ച് ഇന്ന് കുടുംബത്തിന് അനുമതി നൽകിയത്. നടപടിയെ സർക്കാർ എതിർത്തെങ്കിലും അപ്പീലിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിരിക്കും തീരുമാനമെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടാൻ മനുഷ്യാവകാശ കമ്മീഷന് നിയമപരമായ അധികാരമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
2024 ഫെബ്രുവരി 18നാണ് രണ്ടാം വർഷ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ സിദ്ധാർഥൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. ക്യാംപസിലെ 19 വിദ്യാർഥികളാണ് പ്രതിപ്പട്ടികയിലുള്ളത്.