
തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി കഴിഞ്ഞ ജൂണില്‍ നല്‍കി ഉത്തരവിറക്കിയിരുന്നു.
”മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താം… ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ്!” എന്ന കുറിപ്പോടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി തിയ്യതി പങ്കുവച്ചത്.
2043.74 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ ആണ്. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണിനാണ് നിര്‍മാണ കരാര്‍. പദ്ധതിയോട് അനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നര്‍മിക്കുക.
8.11 കിലോമീറ്റര്‍ വരുന്ന ഇരട്ട തുരങ്കങ്ങളിലൂടെ നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.