
തിരുപ്പൂർ ∙ എംഎൽഎയുടെ ഫാം ഹൗസിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. മടത്തുകുളം എംഎൽഎ, അണ്ണാ ഡിഎംകെയിലെ സി.മഹേന്ദ്രന്റെ ഫാം ഹൗസിലാണു സംഭവം നടന്നത്. സ്പെഷൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷൺമുഖവേൽ (52) ആണു മരിച്ചത്.
ഉദുമൽപേട്ട കുടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിലെ ഫാം ഹൗസിലെ തൊഴിലാളികളായ മൂർത്തി, മകൻ തങ്കപാണ്ഡി എന്നിവരും രണ്ടു തൊഴിലാളികളും തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്കു നീങ്ങിയതോടെ അന്വേഷിക്കാൻ പോയതാണു ഷൺമുഖവേൽ. മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മൂർത്തിയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ തങ്കപാണ്ഡി അരിവാൾ കൊണ്ടു ഷണ്മുഖവേലിനെ വെട്ടുകയായിരുന്നു.
പൊലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസ് സംഘം എത്തുമ്പോഴേക്കും ഷൺമുഖവേൽ മരിച്ചിരുന്നു. മൂർത്തിയും തങ്കപാണ്ഡിയും പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കൊപ്പം കേസിൽ പ്രതിയായിരുന്ന മണികണ്ഠൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിവയ്പ് ഉണ്ടായതെന്ന് അധികൃതർ പറയുന്നു.
കേസിൽ 5 സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഷൺമുഖവേലിന്റെ കുടുംബത്തിനു മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. സബ് ഇൻസ്‌പെക്ടറുടെ കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകണമെന്നു സി.മഹേന്ദ്രൻ ആവശ്യപ്പെട്ടു. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.