
മുംബൈ∙ ഇൻഡിഗോ വിമാനത്തിൽ വച്ച് പാനിക് അറ്റാക്കുണ്ടായതിനെ തുടർന്നുള്ള പരിഭ്രാന്തിക്കിടെ സഹയാത്രികന്റെ മർദനമേറ്റ യുവാവിനെ കണ്ടെത്തി. അസമിലെ ബാർപേട്ടയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത കൊൽക്കത്തയിൽ നിന്ന് 800 കിലോമീറ്ററും യുവാവിന് പോകേണ്ടിയിരുന്ന സിൽച്ചറിൽ നിന്ന് 400 കിലോമീറ്റർ അകലെയുമാണ് ബാർപേട്ട. വിമാനത്തിൽ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകിയിരുന്നു.
അസമിലെ കാച്ചർ ജില്ലയിൽ നിന്നുള്ള 32കാരനായ ഹുസൈൻ അഹമ്മദ് മജുംദാർ മുംബൈയിൽ നിന്നാണ് കൊൽക്കത്തയിലേക്ക് വിമാനം കയറിയത്. കൊൽക്കത്തയിൽ നിന്ന് അടുത്ത ദിവസം സിൽച്ചറിലേക്ക് പോകാനായിരുന്നു പദ്ധതി. ഇതിനിടെയാണ് വിമാനത്തിൽ വച്ച് പാനിക് അറ്റാക് വന്നത്.
മുംബൈ-കൊൽക്കത്ത വിമാനത്തിലായിരുന്നു സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽനിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോൾ മറ്റൊരു യാത്രക്കാരൻ പരിഭ്രാന്തനായ ഹുസൈനെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരിഭ്രാന്തനായ ഹുസൈനെ രണ്ടു ക്യാബിൻ ക്രൂ അംഗങ്ങൾ ആശ്വസിപ്പിക്കുകയും വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഹുസൈനെ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, വിമാനത്തിൽ ഹുസൈനെ മർദിച്ചയാൾക്ക് വിമാനക്കമ്പനി വിലക്കേർപ്പെടുത്തി. സംഭവം വിവാദമായതിനു പിന്നാലെയാണ് ഇൻഡിഗോയുടെ നടപടി.