
തിരുവനന്തപുരം ∙ ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കില്‍ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം കൊടുത്തത്. വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആര്‍ടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. സസ്‌പെന്‍ഷന്‍ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തില്‍ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്’’ – ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി ഗതാഗത വകുപ്പ് തിരുത്തിയിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഷൻ. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതി ഉയർന്നിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കിയിരുന്നു.
മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവ സഹിതമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ചീഫ് ഓഫിസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.