മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Spread the love

കോഴിക്കോട് ∙ രണ്ടു പേരെ കൊലപ്പെടുത്തിയതായി പൊലീസിനു മുന്നിൽ ഏറ്റുപറച്ചിൽ നടത്തിയ മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടരഞ്ഞിയിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി തിരുവമ്പാടി പൊലീസ്. കൂടരഞ്ഞിയിൽ 1986ലും വെള്ളയിൽ ബീച്ചിൽ 1989ലും ഓരോ ആളുകളെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. മുഹമ്മദലി പറഞ്ഞ കാലയളവിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ബീച്ചിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കിയിട്ടില്ല.

 

രേഖാചിത്രത്തിനു കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നു കൂടരഞ്ഞിയിൽ മരണപ്പെട്ടയാളെ അതിനു മുൻപ് ജോലിക്കു നിർത്തിയിരുന്ന ദേവസ്യ പൊലീസിനോട് പറഞ്ഞു. കോഴിക്കോട് കൂടരഞ്ഞി സ്വദേശി മുഹമ്മദലി വിവാഹത്തിനുശേഷമാണ് വേങ്ങരയിലേക്ക് താമസം മാറിയത്. ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തിരുന്നു.

 

1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദലിയുടെ മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ടു ദിവസം കഴിഞ്ഞാണ്, തോട്ടിൽ മുങ്ങിയ ആൾ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടി അവസാനിപ്പിക്കുകയായിരുന്നു.

 

 

ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയെങ്കിലും ഫലം കണ്ടില്ല. മരിച്ചയാൾ ഇരിട്ടി സ്വദേശിയാണെന്നും അതല്ല പാലക്കാട് സ്വദേശിയാണെന്നും അന്നത്തെ സംഭവം അറിയാവുന്ന ചില നാട്ടുകാർ പറഞ്ഞിരുന്നു. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യയും വെളിപ്പെടുത്തി.

 

രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നും, ആഴമില്ലാത്ത വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് ഇയാൾ മരിച്ചതെന്നും, ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും ദേവസ്യ ഓർമിക്കുന്നു. പണതർക്കത്തെ തുടർന്ന് ബീച്ചിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് മുഹമ്മദലി പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും മുഹമ്മദലിക്ക് അറിയില്ല. പൊലീസിനും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരണങ്ങൾക്ക് പിന്നിലെ ദുരൂഹത നീക്കാൻ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സംഘമാണ് ശ്രമം നടത്തുന്നത്.

 

വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കൂടരഞ്ഞിയിൽ 1986ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലും പാലക്കാട്ടും അന്വേഷണം നടത്തുന്നു. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സഹോദരൻ പൗലോസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ആ വഴിക്കും പൊലീസ് പരിശോധന നടത്തിയിരുന്നു. 2015ൽ കോഴിക്കോട് വിജയ ആശുപത്രിയിലും തൊട്ടടുത്ത വർഷം മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദലി ചികിത്സ തേടിയിരുന്നതായും വിവരം കിട്ടി. അതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു.

  • Related Posts

    മനുഷ്യന്‍റെ കൈയ്യുമായി തെരുവുനായ; പത്തിടങ്ങളിലായി തലയടക്കം ശരീരഭാഗങ്ങള്‍; കര്‍ണാടകയെ ഞെട്ടിച്ച് കൊലപാതകം

    Spread the love

    Spread the loveനാടിനെ നടുക്കി കര്‍ണാടകയില്‍ ക്രൂര കൊലപാതകം. തുംകുരു താലൂക്കിലെ ബെല്ലാവി നിവാസിയായ നാല്‍പ്പത്തിരണ്ടുകാരിയായ ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 4 മുതൽ ലക്ഷ്മിദേവമ്മയെ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു. പിന്നാലെയാണ് അരുംകൊല പുറംലോകം അറിഞ്ഞത്. ലക്ഷ്മിദേവമ്മയുടെ ശരീരഭാഗങ്ങള്‍ ഗ്രാമത്തിലെ പത്തിടങ്ങളില്‍ നിന്നാണ്…

    വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു;ആ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും

    Spread the love

    Spread the loveപാല∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്. അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ മകളാണ്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ…

    Leave a Reply

    Your email address will not be published. Required fields are marked *