കൊച്ചി ∙ മോഡലിങ് കെണി ഒരുക്കി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയതു മനുഷ്യക്കച്ചവട റാക്കറ്റ്. ഇങ്ങനെ വിദേശത്തേക്കു കൊണ്ടുപോയ യുവതികളിൽ ചിലർ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്നും രക്ഷപ്പെട്ടു തിരികെയെത്തിയ ഇരകൾ വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന ഏബ്രഹാമിന്റെ (29) പങ്കാളിയായ കുപ്രസിദ്ധ ഗുണ്ടയെ അന്വേഷണ സംഘം തിരയുന്നു. ദേശവിരുദ്ധ സ്വഭാവമുള്ള വിദേശ ഏജൻസികളുമായി ഇയാൾക്കുള്ള ബന്ധമാണു കേസന്വേഷണത്തിലെ വഴിത്തിരിവ്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഹവാല വഴിയാണു നടത്തിയിട്ടുള്ളത്.
റാക്കറ്റിന്റെ ഏജന്റ് ഗുരുവായൂർ സ്വദേശി സ്റ്റോയ്സി (സിന്ധു–56), പൊന്നാനി സ്വദേശി മഞ്ജിമ(25) എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണത്തിനായി യുവതികളെ കടത്തിയ സംഘത്തിലെ രണ്ടു മലയാളികൾ ഇപ്പോൾ ദുബായിലാണ്. ഇവരെയും കേസിൽ പ്രതി ചേർത്തു. ഇരകളായി വിദേശത്ത് എത്തിയ ചിലർ പിന്നീട് റാക്കറ്റിന്റെ ഏജന്റുമാരായും പ്രവർത്തിക്കുന്നുണ്ട്. റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ഫോണുകളിൽ ഇവരുടെ വിദേശ ബന്ധത്തിനുള്ള ഡിജിറ്റൽ തെളിവുകളുണ്ട്. ബാങ്ക് ഇടപാട് രേഖകളും പരിശോധിക്കും. ഇരുപതിൽ അധികം യുവതികളുടെ ഗ്ലാമർ ചിത്രങ്ങളും ഫോണുകളിൽ കണ്ടെത്തി. ഇവരെ തിരിച്ചറിയാനും അന്വേഷണത്തോടു സഹകരിച്ചാൽ മൊഴി രേഖപ്പെടുത്താനും വനിത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വാഗ്ദാനം ബ്യൂട്ടി പാർലർ ജോലി; നൽകിയത് അതിക്രൂര പീഡനം
മരട് ( കൊച്ചി)∙ രാജ്യാന്തര സെക്സ് റാക്കറ്റിന്റെ ക്രൂരതകൾ പൊലീസിനെ അറിയിച്ചതു ദുബായിലെ ബ്യൂട്ടി പാർലർ ജോലി വാഗ്ദാനം വിശ്വസിച്ചു ചതിക്കപ്പെട്ട യുവതി. പൊലീസിൽ പരാതി നൽകുമെന്നായപ്പോൾ ‘ഔറംഗസേബ്’ എന്ന ഗുണ്ടയുടെ പേരു പറഞ്ഞു കേസിലെ മുഖ്യപ്രതി അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി ഇങ്ങനെ: ‘‘ദുബായിൽ എത്തിയ ഉടൻ ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ എന്നെപ്പോലെ എട്ടോളം പെൺകുട്ടികൾ ഉണ്ടായിരുന്നു. സ്റ്റോയ്സിയുടെ (സിന്ധു) നേതൃത്വത്തിൽ ഫോണും പാസ്പോർട്ടും വാങ്ങിവച്ചു. തുടർന്ന് ഒരു ക്ലയന്റ് കാണാൻ വരുമെന്ന് അറിയിക്കുകയായിരുന്നു. ഇത് എതിർത്ത എന്നെ മർദിച്ചു, ലഹരി വസ്തു കുടിപ്പിച്ചു. ബോധരഹിതയായപ്പോൾ കൂട്ടബലാത്സംഗം െചയ്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. അസന്മാർഗിക ജീവിതം നയിക്കുകയാണെന്നു പറഞ്ഞ് വീട്ടിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു. ഫ്ലാറ്റിൽ നിന്നു പുറത്തുകടക്കാൻ മാർഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെട്ടു.’’ വളരെ ഗൗരവമേറിയ കേസാണെന്നു സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. പ്രത്യേക സംഘത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മരട് എസ്എച്ച്ഒ അബ്ദുൽ മനാഫും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും കമ്മിഷണർ വ്യക്തമാക്കി.






