ആ കുഞ്ഞ് ഉറങ്ങിയത് ഷീറ്റ് കെട്ടി മറച്ച കൂരയിൽ; ഇഷ്ടികയ്ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ; ഡോക്ടർ തൊട്ടു നോക്കിയില്ലെന്ന് പിതാവ്

Spread the love

തിരുവനന്തപുരം ∙ മറ്റത്തൂരിൽ വീടിനുള്ളിൽ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നു കേരളം മാറിയിട്ടില്ല. അതിനിടെയാണ് ചിറയിൻകീഴിൽ‌ വീട്ടിൽ ഉറക്കത്തിൽ എട്ടു വയസുകാരൻ ദിക്ഷൽ മൂർഖന്റെ കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിക്ഷലിനെ രക്ഷിക്കാനായില്ല. സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ രക്ഷയിൽ സുരക്ഷിതമെന്ന വിശ്വാസത്തിലാണ് ആ കുഞ്ഞുങ്ങൾ ഉറങ്ങിയത്. എങ്ങനെയാണ് ആ മൂർഖൻ കിടക്കയിൽ വരെ എത്തിയത്. അതിലും ആശങ്കയുണർ‌ത്തുന്നത് മാതാപിതാക്കളുടെ ആശങ്കയാണ്. ആദ്യമെത്തിയ ആശുപത്രിയിൽ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ദിക്ഷലിനെ രക്ഷിക്കാമായിരുന്നുവെന്ന് ആവർ പറയുന്നു.

 

സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിയുമ്പോഴാണ്, ആസ്ബസ്‌റ്റോസ് ഷീറ്റു കൊണ്ടു മറച്ച രണ്ടു മുറി വീട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി രണ്ടു കുരുന്നുകള്‍ ഉള്‍പ്പെടെ ആറു പേര്‍ കഴിഞ്ഞിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും കുഞ്ഞിന് ആന്റിവെനം നല്‍കാതിരുന്നതാണ് മരണകാരണമെന്നും ആരോപണം ഉയരുന്നു. എന്താണ് അവിടെ സംഭവിച്ചത്.

 

∙ ചൂടു മൂലം തറയിൽ കിടന്നുറങ്ങി, രാത്രി കാലിൽ എന്തോ കടിച്ചുവെന്ന് കുട്ടി

 

ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ പോകുമ്പോഴാണ് മൂലയില്‍ കമ്പിക്കകം വീട്. വീടെന്നു പറയാന്‍ കഴിയില്ല. കായലിന്റെ ചതുപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച പുരയിടത്തിന്റെ ഒരു ഭാഗത്തു ജിപ്‌സം ഷീറ്റുകള്‍ കൊണ്ടു ചുമരു കെട്ടി മറച്ച് ചുറ്റും സിമന്റ് ഇഷ്ടികകള്‍ നിരത്തിയ കൂര. ഈ കൂരയിലെ രണ്ടു മുറികളില്‍ ഒന്നില്‍ നിലത്തെ മണ്ണില്‍ പായ വിരിച്ചു രാത്രി മുത്തശിക്കൊപ്പമാണ് ദിക്ഷൽ കിടന്നുറങ്ങിയത്. ദിലീപ് – അനു ദമ്പതികളുടെ മൂത്ത മകനായ ദിക്ഷല്‍ പഠനത്തിലും ചിത്രരചനയിലുമെല്ലാം മിടുക്കനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദിക്ഷല്‍, പിതാവ് ദിലീപ്, മാതാവ് അനു, അനുജത്തി ദൃക്ഷിക, മുത്തശി, ദിലീപിന്റെ സഹോദരി ലിജി എന്നിവരാണ് ഈ കൂരയില്‍ കഴിഞ്ഞിരുന്നത്.

 

∙ മുറിയിലെ കട്ടിലില്‍ ലിജിയാണു കിടന്നിരുന്നത്.

 

കടുത്ത ചൂടായിരുന്നതിനാല്‍ മുത്തശിക്കൊപ്പം ദിക്ഷല്‍ നിലത്തുവിരിച്ച പായയിലാണു കിടന്നത്. പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞപ്പോള്‍ ഞെട്ടിയുണര്‍ന്ന ദിക്ഷല്‍ തന്റെ കാലില്‍ എന്തോ കടിച്ചുവെന്നു പറഞ്ഞുവെന്നു മുത്തശി പറഞ്ഞു. ദിക്ഷല്‍ തന്നെയാണ് ലൈറ്റിട്ടു നോക്കിയത്. അപ്പോള്‍ ഇടതു കാലിന്റെ തള്ളവിരലില്‍ ചോര കിനിയുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ മുത്തശിയും ലിജിയും ചേര്‍ന്ന അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ദിലീപിനെയും അനുവിനെയും വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ മകനെ അടുത്തുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ‘എന്റെ അമ്മയുടെ കൂടെ നിലത്തു കിടന്നാണ് അവര്‍ ഉറങ്ങിയിരുന്നത്. ഉറക്കത്തില്‍ എണീറ്റ് എന്തോ കടിച്ചെന്നും പറഞ്ഞ് കരഞ്ഞപ്പോഴാണ് ചെന്നു നോക്കിയത്. മുറിവ് കണ്ടപ്പോള്‍ തന്നെ ഭാര്യക്കൊപ്പം ബൈക്കില്‍ കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നു. കാലിനു വേദനയുണ്ടെന്നാണ് അവന്‍ പറഞ്ഞത്’ ദിലീപ് പറഞ്ഞു.

 

∙ മുറിയിലെ സിമന്റ് ഇഷ്ടികയ്ക്കിടയിൽ മൂർഖൻ

 

ദിക്ഷലിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കുട്ടി കിടന്നുറങ്ങിയിരുന്ന മുറിയുടെ ചുമരിന്റെ വശത്തുവച്ചിരുന്ന സിമന്റ് ഇഷ്ടികയ്ക്കിടയില്‍നിന്നാണ് മൂര്‍ഖനെ കണ്ടെത്തിയത്. വീടിനോടു ചേര്‍ന്നു നിന്നിരുന്ന ഒരു വലിയ മരം കഴിഞ്ഞ ദിവസം മെഷീനും മറ്റും എത്തിച്ചു വെട്ടിയിരുന്നു. ഇതിന്റെ തടിയും മറ്റും വീടിനോടു ചേര്‍ന്നു തന്നെ കിടക്കുകയാണ്. ഈ സമയത്ത് പാമ്പ് വീട്ടില്‍ കയറിയതാവാം എന്നാണു നാട്ടുകാര്‍ സംശയിക്കുന്നത്. ഇതിനു മുന്‍പൊന്നും മൂര്‍ഖന്‍ പാമ്പിനെ വീട്ടിലോ പുരയിടത്തിലോ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്ന ദിലീപിന് കുടികിടപ്പായിട്ടാണ് മൂന്നു വര്‍ഷം മുന്‍പ് സ്ഥലം ഉടമ 5 സെന്റ് സ്ഥലം നല്‍കിയത്. അതോടെ ഇതേ പുരയിടത്തില്‍ തന്നെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പെട്ടെന്നു മറ്റൊരു കൂര ഉണ്ടാക്കേണ്ടിവന്നു. ആ കൂരയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബം താമസിച്ചിരുന്നത്. ദിലീപിന്റെ ഭാര്യ അനു അക്ഷയയില്‍ ജോലി ചെയ്തിരുന്നു. വീടിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണെന്നും അല്ലാതെ വീടു വയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

∙ ഡോക്ടര്‍ തൊട്ടുപോലും നോക്കിയില്ല…

 

പുലര്‍ച്ചെ 2.45ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെന്നും എന്നാല്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം, പാമ്പ് കടിച്ചതാണെന്ന് വ്യക്തമാകാത്തതിനാലാണ് ആന്റിവെനം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തതെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. താലൂക്ക് ആശുപത്രിയില്‍ കൃത്യമായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ദിക്ഷലിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

 

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം ശ്വാസം മുട്ടുന്നുവെന്ന് ദിക്ഷില്‍ പറഞ്ഞിട്ടും ഡോക്ടര്‍ തൊട്ടുപോലും നോക്കിയില്ലെന്ന് പിതാവ് ദിലീപ് പറയുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതു വരെ കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്നു ദിലീപ് പറഞ്ഞു. ‘‘അവിടെ ചെന്ന് രക്തപരിശോധന നടത്തിയപ്പോൾ അവന്‍ വല്ലാതെ ഭയന്നു. വെപ്രാളമായി. തല കറങ്ങുന്നുവെന്നും രണ്ടായിട്ടു കാണുന്നുവെന്നും പറഞ്ഞു. പക്ഷേ അവിടെയുള്ളവര്‍ അതു വലിയ ഗൗരവമായി എടുത്തില്ല. ഡോക്ടര്‍ ഒന്നു തൊട്ടു പോലും നോക്കിയില്ല. പിന്നാലെ അവന്‍ ഛര്‍ദിച്ചു. പാതിവച്ചു തൊണ്ടയില്‍ കുടുങ്ങി.

 

സംസാരിക്കാന്‍ പറ്റുന്നില്ലെന്നു തൊണ്ടയില്‍ കൈ കാണിച്ചു കൊണ്ടിരുന്നു. ആ സമയത്തും അവര് നോക്കിയില്ല. ഉടന്‍ ആംബുലന്‍സ് വിളിച്ച് കൊണ്ടുപോകാന്‍ പറഞ്ഞു. കടിച്ചതു പാമ്പാണെന്നു കാണാത്തതു കൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. എന്തോ കടിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പഴുതാര ആയിരിക്കുമെന്നാണ് ഞാനും കരുതിയത്. എന്നാല്‍ അവര് കൃത്യമായി പരിശോധിക്കുകയോ ഒന്നും ചെയ്തില്ല. ഒരു നഴ്സ് മാത്രമാണ് അവനോട് എന്തൊക്കെയോ ചോദിച്ചത്. ശ്വാസം എടുക്കാന്‍ പറ്റുന്നില്ലെന്ന് അവന്‍ പറഞ്ഞിട്ടു പോലും ഒരു പ്രതിവിധിയും അവര്‍ ചെയ്തില്ല. അവിടെനിന്ന് പെട്ടെന്നു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറയുകയായിരുന്നു. അവിടെനിന്ന് ഇറങ്ങി രണ്ടു മൂന്നു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ അവന് അനക്കമില്ലാതായി. എങ്ങനെയെങ്കിലും രക്ഷിക്കാന്‍ പറ്റുമോ എന്നു നോക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന്‍ പോയിരുന്നു’’ – മരവിച്ച മനസോടെ ദിലീപ് പറഞ്ഞു.

  • Related Posts

    വൻ ലഹരിമരുന്നു വേട്ട; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വൻ ലഹരിമരുന്നു വേട്ട. രണ്ടു കിലോ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ‌കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ, മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ് (35) എന്നിവരാണ്…

    ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്തുവയസുകാരന് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്: പാലക്കാട് ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.   വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍…

    Leave a Reply

    Your email address will not be published. Required fields are marked *