ന്യൂഡൽഹി∙ഗൂഗിൾ പേയിലെ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ (യുപിഐ സർക്കിൾ) തട്ടിപ്പാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം അടിസ്‌ഥാനരഹിതം. ‘പോക്കറ്റ് മണി’ ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമാണു ശബ്ദ സന്ദേശത്തിലുള്ളത്. എന്നാൽ ഈ ഓപ്ഷനിൽ തൊട്ടാലുടൻ പണമിടപാട് നടക്കില്ല.
കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ വഴി പണമിടപാട് നടത്താനടക്കം സഹായിക്കുന്നതാണു പോക്കറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന ‘യു പിഐ സർക്കിൾ ഫീച്ചർ. ഇത് ഫോൺപേ, ഭീം അടക്കമുള്ള യു പിഐ ആപ്പുകളിലും ലഭ്യമാണ്. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക മറ്റൊരാൾക്കും യുപിഐ വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ‘യുപിഐ സർ ക്കിൾ’.
എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നും നമുക്ക് നിശ്ചയിക്കാം. ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മക്കളെ രക്ഷിതാവിനു യുപിഐ സർക്കിളിൽ ബന്ധിപ്പിക്കാം. രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോണിൽ നിന്ന് മക്കൾക്കു പണമിടപാട് നടത്താം.
രണ്ടു തരത്തിലാണു പേയ്മെന്റുകൾ. ആദ്യത്തെ രീതിയനുസരിച്ചു മക്കൾ നടത്തുന്ന ഓരോ പണമിടപാടും നോക്കി രക്ഷിതാവ് അംഗീകാരം നൽകണം. ഉദാഹരണത്തിനു മകൻ കടയിൽ യുപിഐ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛനു സ്വന്തം ഫോണിൽ പേയ്മെന്റ് റിക്വസ്‌റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താൽ മാത്രമേ ഇടപാട് നടക്കൂ.
രണ്ടാമത്തെ രീതിയിൽ ഓരോ തവണയും ഇടപാട് അംഗീകരിക്കേണ്ടതില്ല. പകരം മാസം പരമാവധി ചെലവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കാം. ഇടപാടുകളുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും കഴിയും.






