പുല്ലുകുളങ്ങര ( ആലപ്പുഴ)∙ അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്‌ഷനിൽ പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമെന്നു സൂചന. ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
നടരാജന്റെ മുറിയിലെ അലമാരയിൽ ഏതാണ്ട് 7 ലക്ഷം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. അതു കൈക്കലാക്കാൻ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തിൽ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. അലമാര തുറക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല. മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിൽ തിരുവല്ലയിലെ ആശുപത്രിയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടല്ലൂരിലെ വീട്ടിൽ ദമ്പതികൾ മകന്റെ ആക്രമണത്തിനിരയായത്. നവജിത്തിനെ തെളിവെടുപ്പിനു വേണ്ടി വെള്ളിയാഴ്ച കനകക്കുന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതിനായി ഇന്നു ഹരിപ്പാട് കോടതിയിൽ അപേക്ഷ നൽകും. നടരാജന്റെ സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്നു കൈപ്പട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഭർതൃപിതാവ് കൊല്ലപ്പെട്ടതും ഭർത്താവ് അറസ്റ്റിലായതും നവ്യയെ അറിയിച്ചിരുന്നു. രക്തസമ്മർദം കൂടിയതിനാൽ നിരീക്ഷണത്തിലാണ്. ഒന്നരവർഷം മുൻപായിരുന്നു വിവാഹം. ഡോ.നിധിൻരാജ്, ഡോ.നിധിമോൾ എന്നിവരാണ് നടരാജന്റെ മറ്റു മക്കൾ.







