ഭാവ്നഗർ (ഗുജറാത്ത്) ∙ സാരിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സാജൻ ബാരയ്യ എന്നയാളാണ് പിടിയിലായത്. പ്രതിശ്രുത വധു സോണി ഹിമ്മത് റാത്തോഡാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു സാജനും സോണിയും. പിന്നീട് ഇവരുടെ വിവാഹനിശ്ചയം നടന്നു. ശനിയാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുവച്ചു തന്നെ സോണി കൊല്ലപ്പെട്ടു. തുടർന്ന് വീടും അടിച്ചു തകർത്ത ശേഷമാണ് സാജൻ സ്ഥലംവിട്ടത്. ശനിയാഴ്ച അയൽക്കാരിൽ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.






