കൊച്ചി ∙ ശബരിമലയിൽനിന്നു സ്വർണം പൂശാനെത്തിച്ചത് ചെമ്പുപാളികളായിരുന്നെന്നും അവയിൽ സ്വർണമില്ലായിരുന്നെന്നും അറ്റകുറ്റപ്പണികൾ നടത്തിയ ചെന്നൈ കമ്പനി സ്മാർട് ക്രിയേഷൻസ്. 2019 ൽ അറ്റകുറ്റപ്പണിക്കായി ചെമ്പുപാളികൾ കമ്പനിയിലെത്തിച്ചത് സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആളുകളായിരുന്നുവെന്നും സ്ഥാപനത്തിന്റെ അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപ് മാധ്യമങ്ങളോടു പറഞ്ഞു.
‘‘പ്ലേറ്റിങ് നടത്തിയതോ സ്വർണം പൂശിയതോ ആയ വസ്തുക്കൾ സ്മാർട് ക്രിയേഷൻസിൽ പ്ലേറ്റിങ്ങിന് എടുക്കാറില്ല. ശബരിമലയിൽനിന്ന് എത്തിച്ച ചെമ്പുപാളികളിൽ ഒന്നും പൂശിയിരുന്നില്ല. അവിടെനിന്ന് ഇളക്കിയെടുത്ത പാളികൾ സ്വർണം പൂശിയതായിരുന്നെന്നു പറയുന്നു. അതിനെപ്പറ്റി അറിയില്ല. എന്നാൽ കമ്പനിയിലെത്തിച്ചപ്പോൾ അവയിൽ സ്വർണമില്ലായിരുന്നു.
2019ൽ ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികളിൽ 4 കിലോയിലധികം തൂക്കം കുറഞ്ഞതായി നേരത്തേ വ്യക്തമായിരുന്നു. ഇത് പ്ലേറ്റിങ്ങിനു മുൻപ് പാളികൾ കഴുകുമ്പോൾ സംഭവിക്കുന്നതാണ്. പാളികൾ സ്മാർട് ക്രിയേഷനിൽ എത്തിച്ചപ്പോൾ 42 കിലോ ഉണ്ടായിരുന്നു. ചെമ്പുപാളികളിലെ കുമിള പോലെ ഉയർന്ന ഭാഗങ്ങൾ അകത്തേക്കു ചുളുങ്ങാതിരിക്കാൻ മെഴുകു കൊണ്ട് അടയ്ക്കാറുണ്ട്. അതു നീക്കം ചെയ്ത ശേഷം ആസിഡും ചില രാസവസ്തുക്കളും ഉപയോഗിച്ച് കഴുകും. ആ സമയത്തും കുറച്ചു ഭാരം നഷ്ടപ്പെടും. അതെല്ലാം കഴിഞ്ഞാണ് ഇലക്ട്രോപ്ലേറ്റിങ്ങിന് എത്തിക്കുന്നത്. അപ്പോൾ ഉണ്ടായിരുന്നത് 38 കിലോയ്ക്ക് മുകളിലാണ്. അങ്ങനെ 12 പാളികളിലാണ് 397 ഗ്രാം സ്വർണം പൂശിയത്. ഈ വിശദാംശങ്ങൾ കോടതിയെ അറിയിക്കും’’– അഭിഭാഷകൻ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കമ്പനി അധികൃതരെ വിജിലൻസ് ബന്ധപ്പെട്ടിരുന്നുവെന്നും 2019 ൽ സ്വർണം പൂശിയ പാളികൾ സ്വീകരിച്ചത് ദേവസ്വം അധികൃതർ നേരിട്ടെത്തിയായിരുന്നുവെന്നും പ്രദീപ് പറഞ്ഞു.






