മമ്മൂട്ടി ക്യാമറയിൽ പകർത്തിയ തന്റെ ചിത്രം പങ്കുവെച്ച് കോസ്റ്റ്യൂം ഡിസൈനർ അഭിജിത്ത് സി. ഫോട്ടോയ്ക്ക് ലൈറ്റ് സെറ്റ് ചെയ്തത് മമ്മൂട്ടിയുടെ പേഴ്സണൽ സെക്രട്ടറിയും നിർമാതാവുമായ ജോർജ് ആണെന്നും അഭിജിത്ത് പറഞ്ഞു. മമ്മൂട്ടി ഫോട്ടോ എടുത്തതിലുള്ള സന്തോഷം ആ ചിത്രവും കുറിപ്പും സഹിതം അഭിജിത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
ഇളം മഞ്ഞ ഷർട്ടും ജീൻസും ധരിച്ച് വരാന്തയിലെ കസേരയിൽ ഇരിക്കുന്ന അഭിജിത്തിന്റെ ചിത്രമാണ് മമ്മൂട്ടി പകർത്തിയത്. “എന്റെ കണ്ണിലെ നൂറുവാട്ട് തെളിച്ചം കണ്ടാൽ തോന്നും മമ്മൂക്കയെ കണ്ടപ്പോഴാണെന്ന്..? അതെ…ഫോട്ടം പിടിക്കണത് മമ്മൂക്കയാണ്. ലൈറ്റ് അറേഞ്ച്മെന്റ് ബൈ ജോർജ്ജേട്ടൻ. മനസ്സിലായി … നിങ്ങള് ചോദിക്കാൻ പോണത് തിരിച്ചുള്ള ആ ഒരു എൻട്രി എപ്പോ കാണാം എന്നല്ലേ…? 10…9…8…” ചിത്രത്തിനൊപ്പം അഭിജിത്ത് കുറിച്ചതിങ്ങനെ.
ചെന്നൈയിൽനിന്നാണ് ഈ ചിത്രം എടുത്തത്. മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന സൂചനയും അഭിജിത്ത് നൽകി. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയത്. ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത് മമ്മൂട്ടി സിനിമയിലേക്ക് എന്ന് തിരിച്ചുവരുമെന്നാണ്.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആണ് മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചിത്രം. വിനായകനാണ് ചിത്രത്തിലെ മറ്റൊരു താരം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്.
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണത്തിലാകും അദ്ദേഹം തിരിച്ചുവരവിൽ ആദ്യമെത്തുക എന്നാണ് സൂചന.








