ചെന്നൈ ∙ വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ (48) ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു.
വൈകിട്ട് 3 മണിയോടെ പൂങ്കൊടി തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കരുണാകരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. പൂങ്കൊടിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കെ.കെ നഗർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾ ആയുധങ്ങളുമായെത്തി നായയെ തുരത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുമരൻ നഗർ പൊലീസ് പറഞ്ഞു.
വളർത്തു നായ്ക്കളുടെയും തെരുവുനായ്ക്കളുടെയും ആക്രമണങ്ങളിൽനിന്ന് നഗരവാസികളെ രക്ഷിക്കാൻ കോർപറേഷൻ ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചെങ്കിലും ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങളാണ് അടിക്കടി വിവിധയിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നടപടികൾ ഫലവത്താകാത്തതിനു തെളിവാണ് ഈ സംഭവമെന്ന് നഗരവാസികൾ ആരോപിക്കുന്നു.
∙ നിയന്ത്രണങ്ങൾക്ക് പുല്ലുവില
കഴിഞ്ഞ വർഷം നുങ്കംപാക്കത്തെ പാർക്കിൽ 5 വയസ്സുകാരിയെ സമീപവാസി വളർത്തുന്ന റോട്ട്‌വൈലർ നായകൾ കടിച്ചുകീറിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് നായകളെ വളർത്തുന്നതിന് ഒട്ടേറെ നിബന്ധനങ്ങൾ കോർപറേഷൻ ഏർപ്പെടുത്തിയിരുന്നു. പുറത്തിറക്കുന്ന നായ്ക്കളെ തുടലിൽ ബന്ധിപ്പിക്കുകയും മാസ്കുകൾ ധരിപ്പിക്കുകയും ചെയ്യണം എന്നതടക്കമുള്ള നിബന്ധനകൾ മിക്ക ഉടമകളും പാലിക്കുന്നില്ലെന്ന് നഗരവാസികൾ ആരോപിക്കുന്നു.







