കൊച്ചി∙ ‘‘നിന്നെയും മക്കളെയും ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഭീഷണി. കച്ചവടത്തിനായാണ് ആശ പണം വാങ്ങിയത്. മുതലും പലിശയും നൽകിയിട്ടും ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ല’’– പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കോട്ടുവള്ളി സ്വദേശിനിയായ ആശയുടെ (46) ഭർത്താവ് ബെന്നി മാധ്യമങ്ങളോട് പറഞ്ഞു.
റിട്ട.പൊലീസുകാരന്റെ ഭീഷണിയെ തുടർന്നാണ് ആശ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. റിട്ട. പൊലീസുകാരൻ ആശയ്ക്ക് പലിശയ്ക്കു പണം നൽകിയിരുന്നു. ഇതുസംബന്ധിച്ചു ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചു. സംഭവത്തിൽ നോർത്ത് പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശയുടെ സംസ്കാരം ഇന്ന് നടക്കും.
ഓഗസ്റ്റ് 11ന് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് പണം വാങ്ങിയ കാര്യം അറിയുന്നതെന്ന് ഭർത്താവ് ബെന്നി പറഞ്ഞു. കച്ചവടത്തിനായാണ് പണം വാങ്ങിയത്. വീടിനു അടുത്തുള്ളവരായതിനാൽ റിട്ട.പൊലീസുകാരനെയും കുടുംബത്തെയും പരിചയമുണ്ട്. മുതലും പലിശയും നൽകിയിട്ടും ഭീഷണി തുടർന്നു. ആശ ആത്മഹത്യയ്ക്കു ശ്രമിച്ചശേഷവും ഭീഷണിയുണ്ടായി. 3 തവണ ഭീഷണി മുഴക്കി. രണ്ടുതവണ വീട്ടിലും ഒരു തവണ പൊലീസ് സ്റ്റേഷനിൽവച്ചും ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ആശയെ കോട്ടുവള്ളിയിലെ വീട്ടിൽനിന്നു കാണാതായത്. പിന്നീട് സമീപത്തു പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 2022ലാണ് പറവൂർ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ആശ പണം കടം വാങ്ങിയത്. എന്നാൽ കൂടുതൽ തുക നൽകാനുണ്ടെന്ന് ആവശ്യപ്പെട്ട് ഇയാൾ ആശയുടെ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആക്ഷേപം. മാനസിക സമ്മർദം മൂലം ഓഗസ്റ്റ് 11ന് ആശ കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലായിരുന്നു. ഇതുസംബന്ധിച്ചു പരാതി നൽകിയതോടെ കഴിഞ്ഞ ദിവസം എസ്പി ഓഫിസിൽ ഇരുകൂട്ടരെയും വിളിച്ചു ചർച്ച നടത്തി.
വീടുകയറി ഭീഷണിപ്പെടുത്തരുതെന്നും തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും റിട്ട. പൊലീസുകാരനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇയാളും മറ്റു ചിലരും ചേർന്ന് വീണ്ടും ആശയുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കി എന്ന് ബന്ധുക്കൾ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു ബന്ധുക്കൾ ഇന്ന് പരാതി നൽകും.






