
ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് പിഴ. ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടത്. ബാക്കുവിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത പിങ്കി എന്ന സ്ത്രീ നൽകിയ പരാതിയിലാണ് നടപടി.
ജനുവരി രണ്ടിനാണ് പിങ്കി ബാക്കുവിൽനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തത്. വൃത്തിഹീനമായതും കറപിടിച്ചതുമായ സീറ്റാണ് തനിക്ക് വിമാനത്തിൽ ലഭിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ഇതേക്കുറിച്ച് ഇൻഡിഗോ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പരാതി അവഗണിച്ചെന്നും വേണ്ടരീതിയിൽ കൈകാര്യംചെയ്തില്ലെന്നും ഇവർ ആരോപിച്ചിരുന്നു.
അതേസമയം, യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധിച്ചിരുന്നതായും ഇവർക്ക് മറ്റൊരുസീറ്റ് നൽകിയതായും ഇൻഡിഗോ പറഞ്ഞു. എന്നാൽ, വിമാനക്കമ്പനിയുടെ സേവനത്തിൽ പോരായ്മുണ്ടായെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം നഷ്ടപരിഹാരം വിധിച്ചത്. യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായാണ് കമ്പനി ഒന്നരലക്ഷം രൂപ നൽകേണ്ടതെന്നും ഉത്തരവിലുണ്ട്. ഇതിനുപുറമേ കോടതി ചെലവായി 25,000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു.